പ്ലേഓഫില്‍ ഇടംപിടിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സിന് ടൂര്‍ണമെന്റില്‍ മുന്നോട്ടുപോക്ക് അത്ര എളുപ്പമാവില്ല. പഞ്ചാബിനെതിരായ തോല്‍വിയോടെ ക്വാളിഫയര്‍ 1 കളിക്കാനുളള അവസരമാണ് മുംബൈ നഷ്ടപ്പെടുത്തിയത്. തോല്‍വിയോടെ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് തന്നെ അവര്‍ക്ക് തുടരേണ്ടി വന്നു. ഇനി മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമുമായിട്ടായിരിക്കും അവര്‍ക്ക് എലിമിനേറ്റര്‍ കളിക്കേണ്ടി വരിക. ഐപിഎല്‍ ചരിത്രം എടുത്തുനോക്കുകയാണെങ്കില്‍ എലിമിനേറ്റര്‍ കളിച്ച് കിരീടം നേടാന്‍ ഇതുവരെ ഒരു ടീമിന് മാത്രമേ സാധിച്ചിട്ടുളളൂ.
2016ല്‍ ഡേവിഡ് വാര്‍ണര്‍ നയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമാണ് ഇങ്ങനെ ഐപിഎല്‍ കിരീടം നേടിയിട്ടുളളത്. ലീഗ് സ്റ്റേജില്‍ മൂന്നാം സ്ഥാനത്താണ് എസ്ആര്‍എച്ച് ഫിനിഷ് ചെയ്തിരുന്നത്. തുടര്‍ന്ന് എലിമിനേറ്ററില്‍ അവര്‍ കൊല്‍ക്കത്തയ്‌ക്കെതിരെ വിജയം നേടി. ഗുജറാത്ത് ലയണ്‍സിനെതിരെയായിരുന്നു ക്വാളിഫയര്‍ 2 മത്സരം. ഇക്കളിയില്‍ ജയിച്ച സണ്‍റൈസേഴ്‌സ് ഫൈനലില്‍ ആര്‍സിബിയെ തോല്‍പ്പിച്ച് കിരീടം നേടുകയായിരുന്നു.
Read more
എലിമിനേറ്റര്‍ കളിച്ച് കിരീടം നേടാന്‍ എസ് ആര്‍എച്ചിന് മാത്രമേ ഇതുവരെ സാധിച്ചിട്ടുളളൂ എന്നതാണ് ഐപിഎല്‍ ചരിത്രം. ഈയൊരു ചരിത്രം ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യന്‍സ് ടീമിന് പേടിയുണ്ടാകുന്നുണ്ട്. ഹൈദരാബാദിന് ശേഷം ഇങ്ങനെ കിരീടത്തില്‍ എത്താന്‍ മുംബൈക്ക് സാധിക്കുമോ എന്നാണ് ഇനി നോക്കേണ്ടത്. എന്തായാലും പ്ലേഓഫില്‍ ഈയൊരു സമ്മര്‍ദം അനുഭവിച്ചുകൊണ്ടാകും മുംബൈ ഇന്ത്യന്‍സ് കളിക്കുകയെന്ന കാര്യം ഉറപ്പാണ്.