ടീമിലെ സുപ്രധാന താരം കളിക്കാനിറങ്ങില്ല ; കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന് നിര്‍ണായക മത്സരത്തിന് മുമ്പ് കനത്ത തിരിച്ചടി

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ആരാധകരുടെ നെഞ്ചിടിപ്പിന് വേഗം കൂട്ടി ഏറ്റവും നിര്‍ണ്ണായകമായ മത്സരത്തിന് കേരളാബ്‌ളാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ കളി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ടീമിന് കനത്ത തിരിച്ചടി. ടീമിലെ സുപ്രധാനതാരം ഇനിയുള്ള രണ്ടു മത്സരത്തിലും ടീമിനൊപ്പമുണ്ടാകില്ല. പോയിന്റ് പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുള്ള ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമിനും ജയം അനിവാര്യഘടകമാകുന്ന ഘട്ടത്തില്‍ മുംബൈസിറ്റിയ്ക്ക് എതിരേ പൊരിഞ്ഞ പോരിനൊരുങ്ങുമ്പോഴാണ് ബ്്‌ളാസ്‌റ്റേഴ്‌സിന് ആദ്യ തിരിച്ചടി കിട്ടിയിരിക്കുന്നത്.

ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ 33 പോയിന്റുമായി ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തേക്ക് കയറാം. 18 മത്സരങ്ങള്‍ വീതം കളിച്ച മുബൈയും ബ്ലാസ്റ്റേഴ്സും പോയിന്റ് പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണുള്ളത്. ഇരു ടീമുകളും തമ്മില്‍ വെറും ഒരു പോയിന്റിന്റെ വ്യത്യാസം മാത്രം. ഇന്ന് തോറ്റാല്‍ ഐ.എസ്.എല്‍ എട്ടാം സീസണില്‍ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്താവും. അതിനാല്‍ തന്നെ ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചേ മതിയാവൂ. ഏറ്റും നിര്‍ണ്ണായകമായ മത്സരം കളിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ കുന്തമുന ഹര്‍മന്‍ ജോത് ഖബ്രക്ക് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ കളിക്കാനാകില്ല എന്നത് ആരാധകര്‍ക്ക് കളിക്ക് മുമ്പേ തന്നെ സമ്മാനിക്കുന്നത് വലിയ നിരാശയാണ്.

Read more

ഹൈദരാബാദ് എഫ് സിക്കെതിരെ കേരളം 2-1 ന് പരാജയപ്പെട്ട മത്സരത്തില്‍ എതിര്‍ താരത്തെ മുട്ടുകൈ കൊണ്ടിടിച്ചതിന് കഴിഞ്ഞ ദിവസം ഖബ്രക്ക് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്ക് വിധിച്ചിരുന്നു. ഇതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയാകുന്നത്. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തില്‍ ഖബ്രയ്ക്ക്് കളിക്കാനാകില്ല. അതേസമയം പെരേറ ഡയസ്, അഡ്രിയാന്‍ ലൂണ, അല്‍വാരോ വാസ്‌ക്വെസ് എന്നിവരെല്ലാം കളിക്കും. ഇരു ടീമുകളും കഴിഞ്ഞ കളി ജയിച്ചാണ് ഈ മത്സരത്തിലേക്ക് എത്തുന്നത്. മുംബൈ കഴിഞ്ഞ മത്സരത്തില്‍ ഗോവയെ തോല്‍പ്പിച്ചാണ് ഈ മത്സരത്തിന് എത്തുന്നത് ബ്‌ളാസ്‌റ്റേഴ്‌സാകട്ടെ ചെന്നിയന്‍ എഫ്‌സിയ്ക്ക് എതിരേ ഉജ്വല വിജയവും നേടിയിരുന്നു. രണ്ടു ടീമിനും തോല്‍ക്കുന്നത് ചിന്തിക്കാനേ കഴിയില്ല.