ഫുട്‌ബോള്‍ ലോകം ഭരിക്കുന്നത് റൊണാള്‍ഡോ ആയിരിക്കും....പക്ഷേ  മെസ്സി അതുക്കും മേലെയാണ്

ലോകഫുട്‌ബോള്‍ ആരാധകര്‍ രണ്ടു തട്ടിലായിട്ട് ദശകങ്ങളായി. ഒരു വശത്ത് ക്രിസ്ത്യാനോ റൊണാള്‍ഡോയും മറുവശത്ത് ലിയോണേല്‍ മെസ്സിയും. പക്ഷേ രണ്ടു പേരെയും താരതമ്യപ്പെടുത്തുമ്പോള്‍ ലോകഫുട്‌ബോളില്‍ രാജാവ് ക്രിസ്ത്യാനോ ആണെങ്കിലൂം മെസ്സി അതുക്കുംമേലെയാണെന്നാണ് ജര്‍മ്മന്‍ ബുണ്ടാസ് ലീഗ് താരങ്ങളില്‍ ഒരാളായ പ്രിന്‍സ് ബോട്ടെംഗ് പറയുന്നത്.

2019ല്‍ ഇറ്റാലിയന്‍ ക്ലബായ സാസുവാളോയില്‍ നിന്ന് ലോണില്‍ ബാഴ്‌സിലോണയ്ക്കായി കളിച്ചിട്ടുള്ള താരമാണ് ബോട്ടെംഗ്. മെസ്സിയുമായി കളിച്ച അനുഭവ പരിചയത്തില്‍ നിന്നുമാണ് ബോട്ടെംഗ് ഇക്കാര്യം പറയുന്നത്. ഈ ലോകം ഭരിക്കുന്നത് റൊണാള്‍ഡോയാണ്, പക്ഷേ മെസ്സി അദ്ദേഹത്തിന് മുകളിലാണ്. മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ അദ്ദേഹം ചെയ്യുന്നു. ഈ ലോകത്തിന് പുറത്തു നിന്നും വന്ന ഒരാളെപോലെയാണ് മെസി കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ബോട്ടംഗ് പറയുന്നത്.

ഫുട്‌ബോളിലേക്ക് പുതിയതായി എത്തുന്ന ഒരു യുവ കളിക്കാരനെ സംബന്ധിച്ചിടത്തോളം റൊണാള്‍ഡോ മികച്ചതാകാന്‍ അനേകം കാര്യങ്ങളുണ്ട്. കഠിനാധ്വാനം തന്നെ പ്രധാന കാരണം. ക്വറെസ്മ, നാനി തുടങ്ങി ചെറുപ്രായത്തില്‍ റൊണാള്‍ഡോയെക്കാള്‍ കൂടുതല്‍ കഴിവുകളുണ്ടായിരുന്ന അനേകരുണ്ട്. പക്ഷെ ഏറ്റവും മികച്ചതാകണമെന്ന് ആഗ്രഹിക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ മറ്റാരെക്കാളും കഠിനാധ്വാനം ചെയ്യുന്നു. എന്നാല്‍ മെസ്സിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അദ്ദേഹം പ്രതിഭാവിലാസത്തില്‍ നില്‍ക്കുന്നു. ബോട്ടെങ് പറഞ്ഞു.