വംശീയാധിക്ഷേപത്തിന് എതിരെ ഫുട്‌ബോള്‍ ലോകം ഒറ്റക്കെട്ട്; ബൊനൂച്ചി ഒറ്റപ്പെട്ടു; രോഷമടക്കാനാകാതെ ബലോട്ടെല്ലി

യുവന്റസ് കൗമാര താരം മോയ്‌സ് കീനിനെതിരെ വംശീയാധിക്ഷേപം നടത്തിയ കാലിയാഗ്രി ആരാധകരെ പിന്തുണക്കുന്ന രീതിയില്‍ സംസാരിച്ച ബൊനൂച്ചിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഫുട്‌ബോള്‍ ലോകം. ഞാനാ സമയത്ത് അവിടെയില്ലാതിരുന്നത് ബൊനൂച്ചിയുടെ ഭാഗ്യമെന്ന് ഇറ്റാലിയന്‍ ആരാധകരില്‍ നിന്ന് നിരവധി തവണ വംശീയാധിക്ഷേപം നേരിട്ട ബലോടെല്ലി പ്രതികരിച്ചു. വംശീയാധിക്ഷേപത്തിന് ഇരയായ താരത്തിനു പിന്തുണ നല്‍കാതെ കുറ്റപ്പെടുത്താന്‍ ബൊനൂച്ചി തുനിഞ്ഞത് തന്നെ ഞെട്ടിച്ചുവെന്നു പറഞ്ഞ സൂപ്പര്‍ മരിയോ മോയ്‌സ് കീനിനു തന്റെ പിന്തുണയറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന സീരി എ മത്സരത്തിനിടെ നിരവധി തവണ കീനിനു നേരെ കാലിയാഗ്രി ആരാധകര്‍ വംശീയാധിക്ഷേപം നടത്തിയിരുന്നു. പത്തൊന്‍പതുകാരനായ താരം ഇതിനു മറുപടി പറഞ്ഞത് മത്സരത്തില്‍ യുവന്റസിന്റെ രണ്ടാം ഗോള്‍ നേടിയാണ്. തന്നെ അധിക്ഷേപിച്ചവര്‍ക്കു മുമ്പില്‍ വെച്ച് ഗോളാഘോഷം നടത്തി അവര്‍ക്കു മറുപടി നല്‍കാനും കീന്‍ മറന്നില്ല. എന്നാല്‍ കീനിന്റെ പ്രവൃത്തി ശരിയായില്ലെന്നാണ് ബൊനൂച്ചി മത്സരശേഷം പറഞ്ഞത്. എതിരാളികള്‍ക്കു നേരെ ഗോളാഘോഷം നടത്തിയ കീനിന്റെ പ്രവൃത്തിയേയും കാലിയാഗ്രി ആരാധകരുടെ വംശീയാധിക്ഷേപത്തെയും ഒരേ തട്ടില്‍ തൂക്കാനാണ് ബൊനൂച്ചി ശ്രമിച്ചത്. ഇറ്റാലിയന്‍ താരത്തിന്റെ വര്‍ണവെറിയുടെ മുഖമാണ് ഇതിലൂടെ വ്യക്തമായതെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം ഇതിനോടു പ്രതികരിച്ചത്.

Read more

താന്‍ ഒട്ടും ചിന്തിക്കാതെയാണ് അത്തരമൊരു പ്രതികരണം നടത്തിയതെന്നും അതില്‍ ഖേദമുണ്ടെന്നും പിന്നീട് ബൊനൂച്ചി പറഞ്ഞെങ്കിലും ആരാധകരും വിവിധ മേഖലയിലുള്ള സെലിബ്രിറ്റികളും ഇപ്പോഴും ഇറ്റാലിയന്‍ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. അതേ സമയം മോയ്‌സ് കീനിന്റെ ഇന്‍സ്റ്റഗ്രാമില്‍ നിരവധി സൂപ്പര്‍താരങ്ങള്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. ബലോടെല്ലിക്കു പുറമേ സ്റ്റെര്‍ലിംഗ്, സാഞ്ചോ, പ്രിന്‍സ് ബൊടെംഗ്, സാവി സിമണ്‍സ്, പ്യാനിച്ച്, അലക്‌സ് സാന്‍ഡ്രോ എന്നിങ്ങനെ താരങ്ങളുടെ ഒരു നീണ്ട നിരയാണ് കീനിനു പിന്തുണ നല്‍കിയിരിക്കുന്നത്. അതേ സമയം യുവന്റസിന്റെ ഒരു ഇറ്റാലിയന്‍ താരം പോലും കീനിനു പിന്തുണ നല്‍കിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്.