ഇന്ത്യൻ ഫുട്‍ബോൾ ലോക നിലവാരത്തിലേക്ക് എത്തിക്കാൻ ഒരുങ്ങി ഫോഴ്‌സ കൊച്ചി, ആദ്യ മത്സരം സെപ്തംബർ 7 ന് കൊച്ചിയിൽ

ഇന്ത്യൻ ഫുട്‌ബോളിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും നമ്മുടെ ഫുട്‌ബോൾ സ്വപ്നങ്ങളെ ലോക ഫുട്‌ബോൾ പ്രൊഫഷണലിസത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയുക എന്ന ലക്ഷ്യത്തോടെ ടീം ഉടമ ശ്രീ പൃഥ്വിരാജ്, സുപ്രിയ ദമ്പതികൾ, സഹ ഉടമകളായ നസ്ലി മുഹമ്മദ്, ഷമീം ബക്കർ, പ്രവീഷ് കുഴിപ്പള്ളി, ഷൈജൽ മുഹമ്മദ്, സി ഇ ഒ അംബ്രീഷ് സമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ ടീം ഫോഴ്‌സ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു.

സൂപ്പർ ലീഗ് കേരളയിലെ ഓരോ ടീമിലെയും മുപ്പതോളം ഇന്ത്യൻ ഫുട്‌ബോൾ കളിക്കാരെ ഫുട്‌മ്പോൾ അധികായന്മാരായ യൂറോപ്പ്യൻ കോച്ചുമാർ കളി പഠിപ്പിക്കാൻ എത്തുമ്പോൾ കളിക്കാർക്കും ഇന്ത്യൻ ഫുട്‌ബോളിന്റെയും മുന്നോട്ടുള്ള യാത്രയിൽ നിർണായകമായേക്കാവുന്ന ഏറ്റവും മികച്ച യുവ ഇന്ത്യൻ ഫുട്‌ബോൾ കളിക്കാർ ഉടലെടുക്കുമെന്നത് തർക്കമില്ലാത്ത വിഷയമാണ്.

പോർച്ചുഗലിൽ നിന്നുമുള്ള മരിയോ ലെമോസ് ആണ് ഫോഴ്‌സ കൊച്ചിയുടെ ഹെഡ് കോച്ച്. കൂടാതെ ആറ് വിദേശ താരങ്ങൾ അടങ്ങുന്ന ടീമിൽ ചെന്നൈയിൽ എഫ്സിക്കൊപ്പം 2015ലും 2018ലും ഐഎസ്എൽ ചാമ്പ്യനായ ബ്രസീൽ മധ്യനിരക്കാരൻ റാഫേൽ അഗസ്റ്റോയും ടുണീഷ്യൻ ദേശീയ താരമായ സയിദ് മുഹമ്മദ് നിഥാൽ, ഡിസിരി ഒമ്രാൻ, ഐവറി താരം മോക്കി ജീൻ ബാപ്പിസ്റ്റെ, സൗത്ത് ആഫ്രിക്കൻ താരം സിയാൻഡ നിഗുമ്പൊ, കൊളംബിയൻ താരം റോഡ്രിഗസ് അയാസോ ലൂയിസ് ഏഞ്ചൽ എന്നിവരും ഉൾപ്പെടുന്നു.

ഇന്ത്യൻ മുൻ ഗോൾകീപ്പറും ഐഎസ്എൽ താരവുമായ സുഭാശിഷ് റോയ് ചൗധരിയാണ് FORCA യുടെ ക്യാപ്റ്റനും ഗോൾ കീപ്പറും. സന്തോഷ് ട്രോഫി കേരള ടീം താരങ്ങളായ ക്യാപ്റ്റൻ നിജോ ഗിൽബർട്ട്, അർജുൻ ജയരാജ്, ഹജ്മൽ സക്കീർ, ഐ ലീഗ്, കേരള പ്രീമിയർ താരങ്ങൾ, തുടങ്ങിയ നിരവധി പ്രതിഭാധരരായിട്ടുള്ള താരങ്ങൾ ഫോഴ്സ കൊച്ചിക്കായി ബൂട്ട് കെട്ടുന്നു. മുൻ ഇന്ത്യൻ താരം ശ്രീ ജോ പോൾ അഞ്ചേരിയാണ് ഫോഴ്‌സ കൊച്ചിയുടെ സഹ പരിശീലകൻ.സൂപ്പർ ലീഗിൽ പ്ലേയർ ഡെവലപ്‌മെന്റിന്റെ ഭാഗമായി നിശ്ചിത കളിക്കാരെ അവരുടെ പ്രാരംഭിക മികവ് തിരിച്ചറിഞ്ഞ് പ്രൊഫഷണൽ വികസനത്തിലേക്കുള്ള ലക്ഷ്യത്തിലേക്ക് താരങ്ങളെ രൂപപ്പെടുത്തുന്നത്തിന്റെ ഭാഗമായി ടീമിലുൾപ്പെടുത്തി അവർക്കും പരിശീലനം നൽകി വരുന്നു.

പ്രതിവർഷം ഓരോ കളിക്കാരനും വളരെ കുറഞ്ഞ പ്ലയിംങ് ടൈം മാത്രമാണ് ഇന്ത്യയിൽ ഇന്ന് ലഭിക്കുന്നത് എന്ന യാഥാർഥ്യം നിലനിൽക്കെ ഓരോ കളിക്കാരനും തങ്ങളുടെ പ്ലയിംങ് ടൈം വർധിപ്പിക്കാനുള്ള മികച്ച അവസരമാണ് ഫോഴ്‌സയിലൂടെ കൈവന്നിട്ടുള്ളത്. കൂടാതെ യുവ പ്രതിഭകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുറ്റ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ഗ്രാസ് റൂട്ട് മുതൽ ഫോഴ്സ ബൃഹത്തായ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്.

സെപ്തംബർ 7 നാണ് ഫോഴ്‌സയൂടെ ആദ്യ മത്സരം.കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഫോഴ്സയുടെ എതിരാളികൾ മലപ്പുറം എഫ്.സിയാണ്. ഹോം ആന്റ് എവെ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. അഞ്ച് മത്സരങ്ങൾ കൊച്ചി സ്റ്റേഡിയത്തിലും, രണ്ടു വീതം മത്സരങ്ങൾ കോഴിക്കോടും മലപ്പുറത്തും ഒരു മത്സരം തിരുവനന്തപുരത്തും നടക്കും.

ശക്തമായ സമൂഹിക പിന്തുണ ഓരോ മേഖലയിൽനിന്നും ഉണ്ടായാൽ മാത്രമേ ഇന്ത്യൻ ഫുട്‌ബോളിന് ആശാവഹമായ ഒരു പരിതസ്ഥിതി സൃഷ്ടിക്കാനാകൂ. നല്ല പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും, നല്ല അടിയുറച്ച മൂല്യങ്ങളും നൽകി സ്വപ്നങ്ങൾ പിന്തുടരാൻ ഇവിടുത്തെ കളിക്കാർക്ക് ശക്തി പകരേണ്ടതുണ്ട് അതിനായി ഓരോ വ്യക്തികളും ഫോഴ്‌സ കൊച്ചിക്ക് പിന്നിൽ അണിനിരക്കണമെന്നും ടീം ഉടമകൾ പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

Read more

പത്രസമ്മേളനത്തിൽ ഫോഴ്‌സ കൊച്ചി ഉടമ ശ്രീ പ്രിത്വിരാജ്, സഹഉടമ ഷമീം ബക്കർ, ഹെഡ് കോച്ച് മാരിയോ ലെമോസ്, അസി. കോച്ച് ജോപോൾ അഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. സഹ ഉടമകളായ നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷൈജൽ മുഹമ്മദ്, സി.ഇ.ഒ അംബരീഷ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ലുലു മാളിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ടീം ജഴ്‌സി മുൻ ഇന്ത്യൻ ഹോക്കി താരം പി.ആർ ശ്രീജേഷ് പുറത്തിറക്കി.