ഉബൈദ് ഹീറോയാടാ, ചരിത്രമെഴുതി ഗോകുലം

കേരള ഫുട്‌ബോളിന്റെ പ്രതാപകാലം ഓര്‍മ്മപ്പെടുത്തി വീണ്ടും ഒരു സന്തോഷ വാര്‍ത്ത. എഫ്‌സി കൊച്ചിനും കേരള പോലീസുമെല്ലാം ഗതകാലത്ത് എഴുതിചേര്‍ത്ത നേട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് കോഴിക്കോടന്‍ ക്ലബ് ഗോകുലം എഫ്‌സി ചരിത്രമെഴുതിയിരിക്കുന്നത്. 131 വര്‍ഷം പഴക്കമുളള ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍ പ്രവേശിച്ചാണ് അവര്‍ അമ്പരപ്പിച്ചിരിക്കുന്നത്.

സെമിയില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഗോകുലത്തിന്റെ ഫൈനല്‍ പ്രവേശനം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നാണ് 16 തവണ കിരീടം നേടിയ ഈസ്റ്റ് ബംഗാളിനെ ഗോകുലം തകര്‍ത്തത്.

90 മിനിറ്റ് വരെ ഈസ്റ്റ് ബംഗാളായിരുന്നു കളിയില്‍ മുന്നില്‍. ഇന്‍ജുറി ടൈമില്‍ ആണ് പെനാല്‍റ്റിയിലൂടെ ഗോകുലം സമനില പിടിച്ചത്. 18ാം മനിറ്റില്‍ സമദ് മാലിക്കാണ് ഈസ്റ്റ് ബംഗാളിനായി ഗോള്‍ നേടിയത്. പിന്നീട് 90 മിനിറ്റും മത്സരത്തില്‍ ഗോള്‍ പിറന്നില്ല.

ഗോകുലത്തിന്റെ തോല്‍വി ഉറപ്പാക്കി എക്‌സ്ട്രാ ടൈമിലേക്ക് കടന്ന മല്‍സരത്തിന് നാടകീയ വഴിത്തിരിവ്. ആറു മിനിറ്റ് എക്‌സ്ട്രാ ടൈമിന്റെ പകുതി വഴിയില്‍ ഗോകുലത്തിന് അനുകൂലമായി പെനല്‍റ്റി. ബോക്‌സിനുള്ളില്‍ ഇര്‍ഷാദിനെ ഈസ്റ്റ് ബംഗാള്‍ താരം മെഹ്താബ് സിംഗ് വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. കിക്കെടുത്ത ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന് പിഴച്ചില്ല. ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ മിര്‍ഷാദിനെ കബളിപ്പിച്ച് പന്തു നേരെ വലയില്‍. സ്‌കോര്‍ 1-1.

ഷൂട്ടൗട്ടില്‍ മലയാളി ഗോള്‍ കീപ്പര്‍ സികെ ഉബൈദിന്റെ പ്രകടനമാണ് ഗോകുലത്തെ ഫൈനലിലെത്തിച്ചത്. രണ്ടു കിക്കുകള്‍ സേവ് ചെയ്താണ് ഉബൈദ് കേരളത്തിന്റെ തന്നെ ഹീറോ ആയത്

മോഹന്‍ ബഗാനാണ് ഫൈനലില്‍ ഗോകുലത്തിന്റെ എതിരാളി. റിയല്‍ കശ്മീരിനെ 3-1ന് തകര്‍ത്താണ് ബഗാന്റെ ഫൈനല്‍ പ്രവേശനം. ഇതോടെ വീണ്ടുമൊരു ബംഗാള്‍-കേരള ഫൈനല്‍ ആവേശത്തിലാണ് ഫുട്‌ബോള്‍ ലോകം.

കിരീടം നേടാനായാല്‍ 22 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്കാകും ഗോകുലം അവസാനമിടുക. 1997-ല്‍ എഫ്‌സി കൊച്ചിനാണ് ഡ്യൂറന്‍ഡ് കപ്പില്‍ കിരീടം നേടിയ അവസാന കേരള ടീം.