കിസീറ്റോ ഇറങ്ങുമോ? ഡേവിഡ് ജെയിംസിന്റെ വെളിപ്പെടുത്തല്‍

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെത്തിയ ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസിറ്റോ ടീമിന്റെ മധ്യനിരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ജംഷഡ്പൂരിനെതിരേ നടന്ന മത്സരത്തില്‍ തോളിന് പരിക്കേറ്റ താരത്തെ കുറിച്ചുള്ള ആശങ്കകളാണ് ആരാധകരെ ഇപ്പോള്‍ അലട്ടുന്നത്.

കറേജ് പെക്കൂസണൊപ്പം മധ്യനിരയില്‍ മികച്ച നീക്കങ്ങള്‍ നടത്തുന്ന കിസിറ്റോ ഇല്ലാതിരുന്നാല്‍ കൊച്ചിയില്‍ ശക്തരായ ഗോവയ്‌ക്കെതിരേ അതൊരു കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, ഇന്ന് കിസീറ്റോ ഇറങ്ങുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഉറപ്പ് നല്‍കാനും തയാറായില്ല. കിസിറ്റോയുടെ പരിക്ക് അദ്ദേഹത്തിന് വലിയ വേദനയാണ് നല്‍കുന്നത് എന്നും എന്നാല്‍ കിസിറ്റോ ഒരു പോരാളിയാണെന്നും ശക്തമായി തിരിച്ചുവരും എന്ന് മാത്രമാണ് ജെയിംസ് ഇക്കാര്യത്തില്‍ പറഞ്ഞത്.

ഇന്ന് ആദ്യ പതിനൊന്നില്‍ ഏതൊക്കെ താരങ്ങള്‍ ഇറങ്ങുമെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും ജെയിംസ് പറഞ്ഞു. രാത്രി എട്ടു മണിക്ക് കലൂര്‍ സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്-എഫ്‌സി ഗോവ മത്സരം.