റൊണാള്‍ഡോ ഏഷ്യയിലേക്ക്; പുതിയ ക്ലബ്ബുമായി കരാര്‍ ഒപ്പിട്ടു- റിപ്പോര്‍ട്ട്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ ക്ലബിലേക്ക്. സൗദി ഫുട്ബോള്‍ ക്ലബായ അല്‍ നാസറുമായി താരം കരാര്‍ ഒപ്പിട്ടുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200 മില്യണ്‍ യൂറോയ്ക്ക് രണ്ടര വര്‍ഷത്തേയ്ക്കാണ് കരാര്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഏഷ്യയിലെ വമ്പന്‍ ക്ലബുകളിലൊന്നാണ് അല്‍ നാസര്‍. ഒമ്പത് ലീഗ് കിരീടങ്ങള്‍ നേടിയ അവര്‍ 1995ല്‍ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുകയും ചെയ്തിരുന്നു. അവരുടെ പ്രധാന എതിരാളികളായ അല്‍ ഹിലാലും റൊണാള്‍ഡോക്കായി രംഗത്തുവന്നിരുന്നു.

2021ല്‍ യുവന്റസില്‍നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചേര്‍ന്ന റൊണാള്‍ഡോക്ക് അവിടെ വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. ഇതോടെ മനംമടുത്ത താരം കോച്ചിനെതിരെ ആഞ്ഞടിച്ചാണ് ടീം വിട്ടത്.

ലോകകപ്പില്‍ ഘാനക്കെതിരായ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തില്‍ ഗോളടിച്ച് അഞ്ച് ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. പ്രീകോര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും.