ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മഡ്രിഡിന്, എതിരില്ലാതെ കീഴടങ്ങി ലിവര്‍പൂള്‍

യൂറോപ്യന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായി വീണ്ടും റയല്‍ മഡ്രിഡ്. ഫൈനലില്‍ കരുത്തരായ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റയല്‍ കിരീടത്തില്‍ മുത്തമിട്ടത്. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയഗോള്‍ നേടിയത്.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ലിവര്‍പൂളിന് വിജയം നേടാനായില്ല. 16ാം മിനിറ്റില്‍ തുടര്‍ച്ചയായി ലിവര്‍പൂള്‍ കടന്നാക്രമണം നടത്തിയെങ്കിലും കോര്‍ട്ടോയുടെ ഉജ്വലസേവുകള്‍ റയലിനു തുണയായി. 24 ഷോട്ടുകളാണ് ഇംഗ്ലിഷ് ക്ലബ് കളിയില്‍ പായിച്ചത്. അതില്‍ ഒന്‍പതും ഗോള്‍മുഖത്തേക്കു തന്നെ.

റയല്‍ കളിയില്‍ പായിച്ചത് ആകെ 4 ഷോട്ടുകള്‍ മാത്രം. 59ാം മിനിറ്റില്‍ ഫെഡെറിക് വാല്‍വെര്‍ദെ നല്‍കിയ അസിസ്റ്റില്‍ നിന്നാണ് ബ്രസീല്‍ താരം വിനീസ്യൂസ് ലക്ഷ്യം കണ്ടത്. പിന്നീടങ്ങോട്ടും ലിവര്‍പൂള്‍ ആക്രമിച്ചെങ്കിലും ഗോള്‍ മാത്രം മാറിനിന്നു.

റയലിന്റെ 14ാം യൂറോപ്യന്‍ കിരീടമാണിത്. 2018നു ശേഷം ഇതാദ്യവും. 2018ല്‍ ലിവര്‍പൂളിനെ തന്നെ തോല്‍പിച്ചാണ് റയല്‍ അവസാനമായി കിരീടം ചൂടിയത്. 15 ഗോളുകള്‍ നേടിക്കൊണ്ട് റയലിന്റെ കരിം ബെന്‍സേമ ചാമ്പ്യന്‍സ് ലീഗിലെ ടോപ്സ്‌കോറര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

നിശ്ചയിച്ച സമയത്തേക്കാള്‍ 35 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ അക്രമാസക്തരായതുമൂലമാണ് മത്സരം 35 മിനിറ്റ് നീട്ടിവെച്ചത്.