ആവേശം ഭൂഖണ്ഡം കടന്നു; ബ്രസീലില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സിനൊരു കട്ട ഫാന്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധന ഭൂഖണ്ഡം കടന്നു. അതെ, പെലെ അനശ്വരമാക്കിയ നെയ്മറിലൂടെ അനശ്വരത തുടരുന്ന ബ്രസീലില്‍ നിന്നും കേരളക്കരയുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒരു ആരാധകന്‍. ബ്രസീലിന്റെയും അര്‍ജന്റീനുടെയും കളിയെയും കളിക്കാരെയും സ്വന്തം ടീമെന്ന രീതിയില്‍ നെഞ്ചിലേറ്റിയ മലയാളികള്‍ക്ക് തങ്ങളുടെ സ്വന്തം ടീമിനെ പിന്തുണയ്ക്കാന്‍ ഒരു ആരാധകന്‍ എത്തിയ സന്തോഷമടക്കാന്‍ വയ്യ.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് ആരാധകകൂട്ടായ്മയിലാണ് ബ്രസീലില്‍ നിന്നൊരു കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍ രംഗത്തെത്തിയത്. താന്‍ ബ്രസീലില്‍ നിന്നാണെന്നും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകനാണെന്നും പറഞ്ഞ് സാവോ പോളോ സ്വദേശി ചാള്‍സ് സില്‍വ പോസ്റ്റിട്ടു. ഇത് കണ്ട് അമ്പരന്ന ആരാധകര്‍ സില്‍വയുടെ പോസ്റ്റിന് ലൈക്കുകള്‍ കൊണ്ട് മൂടി.

ബ്ലാസ്‌റ്റേഴ്്‌സിന്റെ കട്ട ഫാനായ തനിക്ക് ആരെങ്കിലും ടീമിന്റെ ജെഴ്‌സി സംഘടിപ്പിച്ച് തരണമെന്നും സില്‍വ ആവശ്യപ്പെട്ടു. സില്‍വയുടെ ആവശ്യത്തിന് മികച്ച പ്രതികരണമാണ് കേരളത്തിലെ ആരാധകരുടെ ഭാഗത്തു നിന്നുണ്ടായത്. ജേഴ്‌സി ലഭിക്കാന്‍ എന്തു ചെയ്യണമെന്ന് പലരും സില്‍വക്ക് പറഞ്ഞു കൊടുത്തു. നിരവധി ആരാധകര്‍ സില്‍വയുടെ വിലാസം ചോദിച്ച് പോസ്റ്റില്‍ കമന്റ് ചെയ്യുകയും ജേഴ്‌സി അയച്ചു തരാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

സങ്കടകരമായ ഒരു കാര്യം ബ്ലാസ്റ്റേഴ്‌സിന്റെ കട്ട ആരാധകന്‍ ഒരു ക്യാന്‍സര്‍ രോഗിയാണെന്നുള്ളതാണ്. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള മൂന്നാം ഘട്ട കീമോതെറാപ്പിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ് ചാള്‍സ് സില്‍വ. ഇതു മനസിലാക്കിയ ആരാധകര്‍ സില്‍വക്ക് വേഗം സുഖം പ്രാപിക്കട്ടയെന്നും മറ്റെല്ലാ വിധത്തിലുള്ള പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്.