ഇറ്റലിയും അര്‍ജന്റീനയും നേര്‍ക്കുനേര്‍; ആരാധകരെ ത്രസിപ്പിക്കാന്‍ സൂപ്പര്‍ കപ്പ്

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന കിരീടം ചൂടിയപ്പോള്‍, യൂറോ കപ്പില്‍ ഭാഗ്യം ഇറ്റലിക്കൊപ്പമായിരുന്നു. ഇവര്‍ രണ്ടും നേര്‍ക്കുനേര്‍ വന്നാലോ? അത്തരമൊരു പോരാട്ടത്തിന് അരങ്ങുണരുന്നതായാണ് പുറത്തുവരുന്ന വിവരം. അര്‍ജന്റീനയും ഇറ്റലിയും നേര്‍ക്കുനേര്‍ വരുന്ന സൂപ്പര്‍ കപ്പ് ആശയമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

ഇറ്റലി- അര്‍ജന്റീന പോരിനായി ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആശയം കോണ്‍മെബോള്‍ യുവേഫയുടെ മുമ്പില്‍ വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ആദ്യമായല്ല യൂറോപ്യന്‍- സൗത്ത് അമേരിക്കന്‍ ജേതാക്കള്‍ ഏറ്റുമുട്ടുന്നത്. ആര്‍തെമിയോ ഫ്രാഞ്ചി ട്രോഫിയില്‍ യൂറോ കപ്പ് ജേതാക്കളും കോപ്പ അമേരിക്ക ജേതാക്കളും ഏറ്റുമുട്ടിയിരുന്നു. 1985ലും 1993ലുമായിരുന്നു അത്. 1985ല്‍ ഉറുഗ്വേയെ ഫ്രാന്‍സ് തോല്‍പ്പിച്ചപ്പോള്‍ 1993ല്‍ അര്‍ജന്റീന ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചിരുന്നു.

Image

കോപ്പ അമേരിക്കയില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് അര്‍ജന്റീന കിരീടം ചൂടിയത്. 22ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയിലൂടെയാണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ പിറന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.

Image

യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഇറ്റലി കിരീടം ചൂടിയത്. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡൊണാറുമയാണ് ഇറ്റലിയ്ക്ക് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്.