‘ആ സിക്‌സറുകളെ പറ്റി മിണ്ടാതിരിക്കൂ, ബ്രോഡിനു വേണ്ടി കൈയടിക്കൂ’; അഭിനന്ദിച്ച് യുവരാജ്

സ്റ്റുവര്‍ട്ട് ബ്രോഡ് എന്ന പേരു കേട്ടാല്‍ ക്രിക്കറ്റ് ലോകത്തിന്‍റെ, പ്ര‌ത്യേകിച്ച് ഇന്ത്യന്‍ ആരാധകരുടെ മനസ്സ് 2007-ലെ പ്രഥമ ടി20 ലോക കപ്പ് ഓര്‍മ്മകളിലേക്ക് പോകും. അന്നത്തെ മത്സരത്തില്‍ ബ്രോഡിന്റെ ഒരു ഓവറിലെ ആറു പന്തും സിക്‌സറിന് പറത്തിയ യുവരാജിന്റെ പ്രകടനം ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്. എന്നാല്‍ അത് മറന്ന് ഇപ്പോള്‍ ബ്രോഡിന് വേണ്ടി കൈയടിക്കൂ എന്ന് പറയുകയാണ് യുവരാജ്.

വിന്‍ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റില്‍ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട ബ്രോഡിനെ അഭിനന്ദിച്ചാണ് യുവിയുടെ വാക്കുകള്‍. ‘സ്റ്റുവര്‍ട്ട് ബ്രോഡിനെപ്പറ്റി പറയുമ്പോഴെല്ലാം ട്വന്റി20 ലോക കപ്പിലെ 6 സിക്‌സറുകളെപ്പറ്റിയാണു പലരും ചര്‍ച്ച ചെയ്യുന്നത്. പക്ഷേ, ഇത്തവണ അതുവേണ്ട. എല്ലാവരും ബ്രോഡിനു വേണ്ടി കൈയടിക്കണം. ടെസ്റ്റില്‍ 500 വിക്കറ്റെന്ന നേട്ടം ചില്ലറയല്ല. എന്തുമാത്രം അദ്ധ്വാനവും സമര്‍പ്പണവും അതിനു പിന്നിലുണ്ട്. ബ്രോഡ്, നിങ്ങളൊരു ഇതിഹാസമാണ്.’ യുവരാജ് ട്വീറ്റ് ചെയ്തു.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രെയ്ഗ് ബ്രാത്ത്വയ്റ്റിന്റെ വിക്കറ്റ് വീഴ്ത്തി ബ്രോഡ് ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റുകള്‍ തികച്ചത്. സഹതാരം ജയിംസ് ആന്‍ഡേഴ്സനു പിന്നാലെ 500 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് താരം കൂടിയാണ് ബ്രോഡ്. ടെസ്റ്റ് കരിയറിലെ 140-ാം മത്സരത്തിലാണ് ബ്രോഡ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

Great to have my dad watching: Stuart Broad on taking 500th Test ...

വിന്‍ഡീസിനെതിരായ പ്രകടനം ബ്രോഡിന് ടെസ്റ്റ് റാങ്കിംഗില്‍ വന്‍കുതിപ്പാണ് സമ്മാനിച്ചിരിക്കുന്നത്. ബൗളേഴ്സിന്റെ ടെസ്റ്റ് റാങ്കിംഗില്‍ ഏഴു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബ്രോഡ് മൂന്നാം സ്ഥാനത്ത് എത്തി. 823 റേറ്റിംഗ് പോയിന്റാണ് ബ്രോഡിനുള്ളത്. ഒസീസിന്റെ പാറ്റ് കമ്മിന്‍സാണ് 904 റേറ്റിംഗ് പോയിന്റോടെ പട്ടികയില്‍ മുന്നില്‍. കിവീസിന്റെ നീല്‍ വാഗ്‌നറാണ് 843 റേറ്റിംഗ് പോയിന്റോടെ രണ്ടാമത്.