ശാസ്ത്രിയുടെ പിടി പാതി വിട്ടു, ഇനിയും ടീമില്‍ കടിച്ചു തൂങ്ങാനാവില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ എന്ന സ്ഥാനത്ത് രവി ശാസ്ത്രിയ്ക്ക് ഇനി മാസങ്ങളുടെ മാത്രം ആയുസാണുള്ളത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പിനു ശേഷം ദേശീയ ടീമുമായുള്ള ശാസ്ത്രിയുടെ കരാര്‍ അവസാനിക്കും. 60 വയസ്സ് വരെയാണ് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിന്റെ പരമാവധി പ്രായപരിധി എന്നതിനാല്‍ 59 കാരനായ ശാസ്ത്രിയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം കൈവിട്ട സാഹചര്യം കൂടെ കണക്കിലെടുത്ത് തുടരാന്‍ അനുവദിച്ചേക്കില്ല.

ശാസ്ത്രിയ്ക്ക് ടീമിനൊപ്പം തുടരാന്‍ സഹായിക്കുന്ന ഒരു പിടിവള്ളിയായിരുന്നു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടനേട്ടം. എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കൈവിട്ടതോടെ ഒരുവഴി അടഞ്ഞു. ഇനി മുന്നിലുള്ളത് ടി20 ലോക കപ്പാണ്. ടി20യില്‍ ശക്തമായ ടീമുകളാണ് അണിനിരക്കുന്നത് എന്നതിനാല്‍ അവിടെ കിരീടം നേടാന്‍ ഇന്ത്യ ഇപ്പോള്‍ കളിക്കുന്ന കളിയൊന്നും പോരാതെ വരും.

Ravi Shastri bats for 'best of three' WTC final in future: It would be ideal in the long run | Cricket News – India TV

രണ്ട് ഐ.സി.സി കിരീടങ്ങളും കൈവിട്ടാല്‍ ടീമംഗങ്ങളുടെ പിന്തുണയാവും ശാസ്ത്രിയെ പിടിച്ചു നിര്‍ത്തുക. എന്നാല്‍ ആനുകൂല്യത്തില്‍ ശാസ്ത്രി പരിശീല പദവിയില്‍ പിടിച്ചു തൂങ്ങില്ലെന്ന് വിചാരിക്കാം. ഏത് സാഹചര്യത്തിലും ശാസ്ത്രി തുടരുന്നതില്‍ താരങ്ങള്‍ക്ക് പൂര്‍ണ സമ്മതമായിരിക്കുമെങ്കിലും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നിലപാട് ഇതില്‍ നിര്‍ണായകമാകും.

ഗാംഗുലിയ്ക്ക് ശാസ്ത്രിയ്ക്ക് അത്ര താത്പര്യമില്ല എന്നത് പുതിയ പരിശീലകനെ തേടുന്നതിലേക്ക് എത്തിച്ചേക്കും. അങ്ങനെയായാല്‍ രാഹുല്‍ ദ്രാവിഡ് തന്നെയായിരിക്കും ഇന്ത്യയുടെ ആദ്യ ഓപ്ഷന്‍. ഇന്ത്യന്‍ യുവനിരയെ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ദ്രാവിഡിന്റെ വരവ് ഇന്ത്യയെ കൂടുതല്‍ ഉന്നതിയിലെത്തിക്കുമെന്ന് ഉറപ്പാണ്.