ഓപ്പണറായി ഇറങ്ങിയാല്‍ പന്ത് ഗില്‍ക്രിസ്റ്റ് ആകുമോ; വിലയിരുത്തലുമായി ബുക്കാനന്‍

ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റിനോട് പലരും താരതമ്യം ചെയ്യാറുണ്ട്. ഓപ്പണിംഗിലേക്ക് വന്നാല്‍ താരം ഗില്‍ക്രിസ്റ്റിനെ പോലെ ആകും എന്ന വിലയിരുത്തലുകളും ഉണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ മുന്‍ കോച്ച് ജോണ്‍ ബുക്കാനന്‍.

അതു അസാധ്യമായ കാര്യമല്ല. ആദ്യത്തെ കാര്യം ഓപ്പണറായി കളിക്കാന്‍ റിഷഭ് പന്ത് ആഗ്രഹിക്കുന്നുണ്ടോയെന്നതാണ്. അദ്ദേഹം അതു ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു വളരെയൊരു നീക്കം തന്നെയായിരിക്കും. ആദ്യ ബോള്‍ മുതല്‍ ആക്രമിച്ചു കളിക്കാന്‍ ശേഷിയുള്ള താരമാണ് റിഷഭ്. ടി20 ക്രിക്കറ്റില്‍ അദ്ദേഹം ഇതുപോലെ കളിക്കുകയും വിജയിക്കുകയും ചെയ്താല്‍ അതു ഇന്ത്യയുടെ ശേഷിച്ച ഇന്നിംഗ്‌സിനു മികച്ചൊരു അടിത്തറ നല്‍കും.

നിലവില്‍ ടി20 ഫോര്‍മാറ്റില്‍ രോഹിത് ശര്‍മ-കെഎല്‍ രാഹുല്‍ എന്നീ രണ്ടു അംഗീകൃത ഓപ്പണര്‍മാര്‍ ഇന്ത്യക്കുണ്ട്. അതുകൊണ്ടു തന്നെ റിഷഭ് പന്തിനു ഇപ്പോള്‍ സ്ഥിരമായി ഓപ്പണറുടെ റോള്‍ നല്‍കുകയെന്നത് പ്രായോഗികമല്ല. രോഹിത്, രാഹുല്‍ എന്നിവരിലൊരാള്‍ ഓപ്പണറുടെ റോള്‍ ഒഴിഞ്ഞാല്‍ മാത്രമേ റിഷഭിനെ സ്ഥിരമായി ഓപ്പണിംഗില്‍ ഇന്ത്യക്കു കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ജോണ്‍ ബുക്കാനന്‍ പറഞ്ഞു.

ചില മത്സരങ്ങളില്‍ പന്തിനെ ഓപ്പണറായി ഇറക്കാന്‍ ഇന്ത്യ ധൈര്യം കാണിച്ചെങ്കിലും സ്ഥിരമാക്കാന്‍ മുതിര്‍ന്നിട്ടില്ല. ഏറ്റവും അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ പന്താണ് രോഹിത്തിനൊപ്പം ഓപ്പണറായത്. 14 ബോളില്‍ നിന്നും 27 റണ്‍സു നേടാന്‍ താരത്തിനായി.