99ല്‍ നില്‍ക്കെ എല്‍ബി അപ്പീല്‍; നിരാശ പരസ്യമാക്കി ബട്ട്‌ലര്‍

ഐപിഎല്‍ 15ാം സീസണില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ജയിച്ച് കയറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ജോസ് ബട്ട്‌ലറുടെ മിന്നും സെഞ്ച്വറിയായിരുന്നു ഇന്നലെ റോയല്‍സിന്റെ ബാറ്റിംഗ് കരുത്ത്. എന്നിരുന്നാലും സെഞ്ച്വറിയോട് അടുത്തിരിക്കെ തന്റെ സ്‌കോറിംഗ് വേഗം കുറഞ്ഞതിലുള്ള നിരാശ പരസ്യമാക്കിയിരിക്കുകയാണ്. സെഞ്ച്വറി നേട്ടം ആഘോഷിക്കാന്‍ വൈകിയതിന്റെ കാരണവും താരം വെളിപ്പെടുത്തി.

‘പന്തു ബാറ്റില്‍ തട്ടിയെന്നു കരുതി. പക്ഷേ ഉറപ്പില്ലായിരുന്നു. കാത്തിരുന്നു കാണാം എന്നാണു കരുതിയത്. ഡെത്ത് ഓവറുകളില്‍ സ്‌കോറിംഗ് വേഗം കുറഞ്ഞുപോയതില്‍ നിരാശയുണ്ടായിരുന്നു. ഉദ്ദേശിച്ചതുപോലെ റണ്‍സ് നേടാനാകാഞ്ഞതില്‍ നിരാശ തോന്നി.’

‘എല്ലായ്‌പ്പൊഴും എനിക്കെതിരെ മുംബൈ ബുംമ്രയെയയാണ് ഉപയോഗിക്കുക. ലോകത്തിലെ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളാണു ബുംമ്ര. അദ്ദേഹത്തിനെതിരെ റണ്‍സ് നേടാന്‍ എളുപ്പമല്ല. ഇത്തവണ തകര്‍ത്തടിക്കാന്‍ തന്നെയായിരുന്നു പദ്ധതി. മില്‍സും നന്നായിത്തന്നെ പന്തെറിഞ്ഞു’ ബട്ട്്ലര്‍ പറഞ്ഞു.

മത്സരത്തില്‍ 68 പന്തില്‍ 11 ഫോറും 6 സിക്‌സും അടക്കം 100 റണ്‍സ് നേടിയാണു ബട്ട്‌ലര്‍ പുറത്തായത്. ബെന്‍ സ്റ്റോക്‌സിനു ശേഷം ഒന്നില്‍ അധികം ഐപിഎല്‍ സെഞ്ചുറികള്‍ നേടുന്ന ഇംഗ്ലിഷ് താരം എന്ന റെക്കോര്‍ഡും ബട്ട്‌ലര്‍ സ്വന്തമാക്കി.