ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തി സഞ്ജു സാംസണ്‍ വലിയ പ്രതീക്ഷയാണ് ആകരാധകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ വീണ്ടും പഴയത് പോലെ മോശം പ്രകടനത്തിലൂടെ സഞ്ജു ആരാധകരെ നിരാശപ്പെടുത്തി. ഒടുവില്‍ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20 മത്സരങ്ങളില്‍ താരത്തിന് അഞ്ച് ഇന്നിംഗ്സുകളില്‍നിന്ന് 51 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഓപ്പണിംഗ് റോളിലേക്ക് എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ട സഞ്ജുവിന്റെ ഭാവി എന്നാല്‍ പരമ്പര അവസാനിച്ചതോടെ തുലാസിലായി.
നിലവില്‍ അവസാന മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ അഭിഷേക് ശര്‍മ്മ ടി20യില്‍ തന്റെ ഓപ്പണിംഗ് സ്ഥാനം ഭദ്രമാക്കിയ അവസ്ഥയിലാണ്. എന്നാല്‍ പരമ്പരയിലെ മോശം പ്രകടനം സഞ്ജുവിന്റെ സ്ഥാനം തുലാസിലാക്കി. ഫസ്റ്റ് ചോയ്സ് ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ അടുത്ത പരമ്പരയില്‍ ടീമിലേക്കു മടങ്ങിയെത്തിയാല്‍ സഞ്ജുവിന് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.
അങ്ങനെ വന്നാല്‍ അഭിഷേകിന്റെ ഓപ്പണിംഗ് പങ്കാളിയായി ഈ മൂന്നു പേരില്‍ ആരെയാണ് കളിപ്പിക്കേണ്ടതെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര. ഇംഗ്ലണ്ടുമായുള്ള പരമ്പരയിലെ മോശം പ്രകടനം മാത്രം വിലയിരുത്തി ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണര്‍ സ്ഥാനത്തു നിന്നും സഞ്ജുവിനെ മാറ്റരുതെന്നാണ് ചോപ്രയുടെ അഭിപ്രായം.
ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു മുമ്പ് സഞ്ജു സാംസണായിരുന്നു സ്ഥാനമുറപ്പിച്ചതെങ്കില്‍ ഇപ്പോള്‍ അതു ആകെ മാറി. അഭിഷേക് ശര്‍മയാണ് ഇപ്പോള്‍ ടീമില്‍ സ്ഥാനമുറപ്പിച്ചയാള്‍. അഭിഷേകിനൊപ്പം ആരെന്നതാണ് ഇനിയുള്ള ചോദ്യം. കാത്തിരുന്നു കാണാമെന്നാണ് എനിക്കു തോന്നുന്നത്.
സഞ്ജുവിനു തീര്‍ച്ചയായും ടീമില്‍ ഇനിയും അവസരങ്ങള്‍ നല്‍കണം. കാരണം ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ നേടുകയെന്നത് എളുപ്പമല്ല. അദ്ദേഹം അതിനു സാധിക്കുകയും ചെയ്തിട്ടുള്ള ബാറ്ററാണ്. ഒരുപാട് ശേഷി സഞ്ജുവിനുണ്ടെന്നതാണ് ഇതിന്റെ അര്‍ത്ഥം.
Read more
വേഗമേറിയ ഷോര്‍ട്ട് ബോളുകള്‍ സഞ്ജുവിനു പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ അഞ്ചു തവണയും ഈ ബോളുകളില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു. ഇതു വേദനിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആരെങ്കിലും മുന്നു സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അയാളെ അല്‍പ്പം ബഹുമാനിക്കണം. കൂടുതല്‍ അവസരങ്ങളും നല്‍കണം- ചോപ്ര കൂട്ടിച്ചേര്‍ത്തു.