ഗില്‍ ബൗണ്ടറിയടിച്ചപ്പോള്‍ സച്ചിന്‍... സച്ചിന്‍... വിളിച്ച് ഗാലറി; ആരവത്തിന്റെ പൊരുള്‍ തേടി സോഷ്യല്‍ മീഡിയ

ലോകം മുഴുവന്‍ ആരാധകരുള്ള ക്രിക്കറ്ററാണ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഹോം ഗ്രൗണ്ടായ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിന്റെ ഗാലറിയില്‍ ഇപ്പോഴും സച്ചിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന ബാനറുകളും പ്ലക്കാര്‍ഡുകളും ഉയരാറുണ്ട്. ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗാലറിയില്‍ സച്ചിന്‍.. സച്ചിന്‍.. വിളി അലയടിച്ചു. അതിന്റെ രഹസ്യം തേടുകയാണ് സോഷ്യല്‍ മീഡിയ.

മുംബൈ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിനിടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കിവി ബോളര്‍ ടീം സൗത്തിയെ ബൗണ്ടറി അടിച്ചപ്പോഴാണ് ഗാലറിയില്‍ സച്ചിന്‍.. സച്ചിന്‍.. വിളി മുഴങ്ങിയത്. സച്ചിന്റെ മകള്‍ സാറ ടെണ്ടുല്‍ക്കറും ശുഭ്മാന്‍ ഗില്ലും തമ്മിലെ പ്രണയത്തെ സൂചിപ്പിച്ചാണ് കാണികള്‍ അങ്ങനെ ആര്‍പ്പു വിളിച്ചതെന്ന് ഒരുകൂട്ടര്‍ വിശ്വസിക്കുന്നു.

ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത അടുത്ത കാലത്തായി സജീവമാണ്. ഇരുവരും സോഷ്്യല്‍ മീഡിയയില്‍ പങ്കിട്ട പോസ്റ്റുകളും കമന്റുകളുമാണ് അതിനു കാരണം. സാറയും ഗില്ലും ഡേറ്റിങ്ങിലാണെന്ന റിപ്പോര്‍ട്ടുകളും വന്നു. പക്ഷേ, ഗില്ലും സാറയും വഴിപിരിഞ്ഞതായ അഭ്യൂഹങ്ങള്‍ പിന്നീടുണ്ടായി. ‘മാലാഖമാരെ പ്രണയിക്കാന്‍ പാടില്ലെന്ന’ ഗില്ലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ബന്ധം അവസാനിച്ചെന്ന നിഗമനത്തില്‍ ആരാധകരെ എത്തിച്ചത്.