മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്, ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എം.എസ്. ധോണിയോട് 2025 ഐ.പി.എൽ അവസാനിച്ചതിനുശേഷം വിരമിക്കണമെന്ന് ഉപദേശിച്ചു. കായികരംഗത്ത് ധോണിക്ക് ഒന്നും തെളിയിക്കാൻ ഇല്ലെന്നാണ് ഗിൽക്രിസ്റ്റ് പറഞ്ഞത്. സി.എസ്.കെയുടെ സ്ഥിരം നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിന് കൈമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ധോണി ചെന്നൈയെ ഈ സീസണിൽ നയിക്കുക ആയിരുന്നു.
ക്രിക്ബസുമായുള്ള സംഭാഷണത്തിൽ, ക്രിക്കറ്റ് കരിയറിലെ വീരകൃത്യങ്ങൾക്ക് എം.എസ്. ധോണിയെ ആദം ഗിൽക്രിസ്റ്റ് പ്രശംസിച്ചു, കൂടാതെ ഈ സീസണിനുശേഷം ഐ.പി.എല്ലിനോട് വിടപറയാനും മുൻ ഇന്ത്യൻ ക്യാപ്റ്റനോട് ഉപദേശിച്ചു. “കളിയിൽ എം.എസ്. ധോണിക്ക് ആരോടും ഒന്നും തെളിയിക്കാനില്ല. ശരി, എന്തുചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം, പക്ഷേ, അടുത്ത വർഷം അദ്ദേഹം കളിക്കരുത് . ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എം.എസ്., നിങ്ങൾ ഒരു ചാമ്പ്യനും ഒരു ഐക്കണുമാണ്,” ഗിൽക്രിസ്റ്റിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ പറഞ്ഞു.
അതേസമയം ഇന്നലെ പഞ്ചാബിനെതിരെയും തോറ്റ് ഇനി അടുത്ത സീസണിൽ നോക്കാമെന്ന അവസ്ഥയിലാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ധോണി ക്യാപ്റ്റൻസി ഏറ്റെടുത്തിട്ടും കാര്യമായ മുന്നേറ്റം നടത്താൻ ഈ വർഷം സിഎസ്‌കെയ്ക്ക് സാധിച്ചില്ല. ഹോംഗ്രൗണ്ടായ ചെപ്പോക്കിൽ പോലും അവർക്ക് എതിരാളികൾക്കെതിരെ മികച്ച പോരാട്ടം നടത്താൻ കഴിയുന്നില്ല. ഇന്നലെ നാല് വിക്കറ്റിനാണ് പഞ്ചാബിനോട് സിഎസ്‌കെ തോറ്റത്. സം കറൺ 47 പന്തിൽ 88 റൺസ് എടുത്ത് വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും പഞ്ചാബിനെ ബോളിങ്ങിൽ പിടിച്ചുകെട്ടാൻ ചെന്നൈക്കായില്ല. സിഎസ്‌കെ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് പഞ്ചാബ് കിങ്‌സ് മറികടന്നത്.
ചെന്നൈക്കായി ക്യാപ്റ്റൻ ധോണി 11 റൺസ് മാത്രമാണ് ടീം സ്‌കോറിലേക്ക് സംഭാവന നൽകിയത്. നാല് പന്തിൽ ഒരു ഫോറും ഒരു സിക്‌സും ഉൾപ്പെടെയായിരുന്നു എംഎസ്ഡിയുടെ ഇന്നിങ്‌സ്. അതേസമയം ചഹലിന്റെ പന്തിൽ ധോണി അടിച്ച സിക്‌സ് ബൗണ്ടറി ലൈനിന് പുറത്തുനിന്ന് ക്യാച്ച് എടുത്ത ജഡേജയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ധോണിയുടെ ഒറ്റകൈ കൊണ്ടുളള ഷോട്ട് ചെന്നൈ ടീമംഗങ്ങൾ ഇരുന്ന ഡഗൗട്ടിന് സമീപത്തുനിന്നാണ് ജഡേജ ക്യാച്ചെടുത്തത്.