പരിക്ക് മാറി, ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ മടങ്ങിവരവ് ഇംഗ്ലീഷ് ടീമിനൊപ്പം

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ കൈയിലെ പരിക്കില്‍ നിന്ന് മോചിതനായി. കളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനും മറ്റുമായി താരം പ്രമുഖ ഇംഗ്ലീഷ് കൗണ്ടി ടീമായ ലങ്കാഷെയറുമായി കരാര്‍ ഒപ്പിട്ടു.

‘വാഷിംഗ്ടണ്‍ പൂര്‍ണ്ണ ഫിറ്റ്‌നസിനടുത്താണ്. അദ്ദേഹത്തിന് ധാരാളം ഗെയിം സമയം ആവശ്യമാണ്, അത് റെഡ്-ബോള്‍ ക്രിക്കറ്റില്‍ മാത്രമേ ലഭിക്കൂ. അവന്‍ ലങ്കാഷെയറിനു വേണ്ടി കളിക്കാന്‍ പോകുന്നു. ഇത് അവനെ പുതിയൊരു തുടക്കത്തിന് സഹായിക്കും,’ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഫീല്‍ഡിംഗിനിടെയാണ് സുന്ദറിന് പരിക്കേറ്റത്. പിന്നീട് ഏതാനും കളികള്‍ നഷ്ടമായെങ്കിലും ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ അദ്ദേഹം തിരിച്ചുവരവ് നടത്തി.

സീസണില്‍ 9 മത്സരങ്ങള്‍ കളിച്ച താരം 101 റണ്‍സും ആറ് വിക്കറ്റും മാത്രമാണ് നേടിയത്. കൈയിലെ പരിക്കില്‍ നിന്ന് മോചിതനായ സുന്ദറിന് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാകുമോ എന്ന് കണ്ടറിയണം.