കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോയോ?; ഏഴ് സെക്കന്‍റ് മാത്രമുള്ള വീഡിയോ പ്രചരിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കപില്‍ ദേവിന്റെ കൈകള്‍ പിന്നില്‍ കെട്ടി രണ്ട് പേര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം നടത്തികൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ യഥാര്‍ത്ഥ വസ്തുത ഇതുവരെ പുറത്തുവന്നിട്ടില്ല.

അതിനിടെ വീഡിയോ പങ്കുവെച്ച് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം തിരക്കി ഗൗതം ഗംഭീര്‍ രംഗത്തുവന്നു. ഇത് യഥാര്‍ത്ഥ കപില്‍ ദേവ് അല്ലെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നാണ് കരുതുന്നതെന്നും ഗംഭീര്‍ എക്‌സില്‍ കുറിച്ചു.

പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായുള്ള വീഡിയോ ആണ് ഇതെന്നാണ് കരുതുന്നത്. എന്നിരുന്നാലും കപിലിനെ പോലുള്ള ഒരാളുടെ വീഡിയോ ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്നതിനെയിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കാഴ്ചക്കാരെ കൂട്ടാനുള്ള പരസ്യ തന്ത്രമാണിതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

കപിലിനെ രണ്ട് പേര്‍ ചേര്‍ന്ന് കൈകള്‍ പിന്നിലേക്ക് കെട്ടി വായില്‍ തുണികൊണ്ട് കെട്ടി ഒരു ഗോഡൗണ്‍ പോലെയുള്ള സ്ഥലത്തേക്ക് നടത്തിക്കൊണ്ടുപോകുന്നതാണ് 07 സെക്കന്‍ഡുള്ള വീഡിയോ.