ദക്ഷിണാഫ്രിക്കയിലെ തോല്‍വി: വിരാട്‌കോഹ്ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ പദവി വിട്ടു

ദക്ഷിണാഫ്രിക്കയില്‍ ഏറ്റ വന്‍ തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യയൂടെ ടെസ്റ്റ് നായക പദവി വിരാട് കോഹ്ലി രാജി വെച്ചതായി റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെയായിരുന്നു കോഹ്ലി തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. 2014 മുതല്‍ കോഹ്ലി ഇന്ത്യന്‍ നായകനാണ്.

ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകനായാണ് കോഹ്ലി പടിയിറങ്ങുന്നത്. 2014/15 സീസണില്‍ മഹേന്ദ്രസിംഗ് ധോനിയെ മാറ്റിയാണ് വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് എത്തുന്നത്. 68 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്ലി 40 എണ്ണത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച നായകനാണ്.

മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര വിജയം ലക്ഷ്യമിട്ട് എത്തിയ ഇന്ത്യയെ ഈ ലക്ഷ്യത്തിലേക്ക് ഉയര്‍ത്താന്‍ കോഹ്ലിയ്ക്ക് കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തില്‍ ജയം നേടിയതിന് പിന്നാലെ അടുത്ത രണ്ടു മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടതും കളിക്കിടയില്‍ ഉണ്ടായ വിവാദങ്ങളും കോഹ്ലിയെ നിരാശനാക്കിയിരുന്നു.

ഇതിനെല്ലാം പുറമേ രണ്ടുവര്‍ഷമായി താരത്തിന്റെ ബാറ്റിംഗ് ഫോമും വലിയ ചര്‍ച്ചയായിരുന്നു. 70 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ താരം രണ്ടു വര്‍ഷമായി മൂന്നക്ക് സ്‌കോര്‍ കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ താരം അര്‍ദ്ധശതകം കുറിച്ചിരുന്നു.

തന്നെ പിന്തുണച്ചിരുന്ന ബിസിസിഐയ്ക്കും മൂന്‍ പരിശീലകന്‍ രവിശാസ്ത്രിയ്ക്കും മുന്‍ നായകന്‍ എംഎസ് ധോനിയ്ക്കും സാമൂഹ്യമാധ്യമത്തിലൂടെ കോഹ്്‌ലി നന്ദി പറഞ്ഞു. കോഹ്ലിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ മികച്ച ടീമായി മാറിയിരുന്നു. എല്ലാ ടീമുകള്‍ക്കും എതിരേ നാട്ടില്‍ മേല്‍ക്കൈ നേടിയ നായകന്‍ കൂടിയാണ് കോഹ്ലി.