സഞ്ജുവിന് പിഴച്ചു, കേരളം നാണംകെട്ടു

വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരെ കൂറ്റന്‍ ജയം നേടിയ കേരളം തൊട്ട് പിന്നാലെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി. കരുത്തരായ മുംബൈ ആണ് കേരളത്തെ എട്ട് വിക്കറ്റിന് തോല്‍പിച്ചത്.

സഞ്ജു സാംസണ്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറില്‍ 199 റണ്‍സിന് പുറത്താകുകയായിരുന്നു. മുംബൈ 38.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

മുംബൈക്കായി യാഷ്സ്വി ജെയ്‌സ്വാള്‍(122), ആദിത്യ താരെ(67) ഓപ്പണിംഗ് സഖ്യം 195 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് വേര്‍പിരിഞ്ഞത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ 43 റണ്‍സുമായി ടോപ് സ്‌കോററായി. എം ഡി നിധീഷ്(40), അക്ഷയ് ചന്ദ്രന്‍(29), പി.രാഹുല്‍(25) എന്നിവരും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.

കഴിഞ്ഞ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍(8 പന്തില്‍ 15), സച്ചിന്‍ ബേബി(8), വിഷ്ണു വിനോദ്(9) എന്നിവര്‍ നിറം മങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്. മുംബൈക്കായി ധവാല്‍ കുല്‍ക്കര്‍ണിയും ഷര്‍ദ്ദുല്‍ ഠാക്കൂറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.