ഐപിഎലിൽ ഒരവസരത്തിനായി ചെന്നൈ ടീമിന്റെ ബസിന് പുറകെ പോയി, എന്നാൽ സംഭവിച്ചത്... വെളിപ്പെടുത്തി വരുൺ ചക്രവർത്തി

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ച് ഇന്ത്യൻ ടീമിൽ എത്തിയ താരമാണ് വരുൺ‌ ചക്രവർത്തി. വരുണിന്റെ ബോളിങ് സ്പെല്ലുകളെല്ലാം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ബാറ്റർമാരെ കുടുക്കുന്ന തരത്തിലുളള ഡെലിവറികൾ താരത്തിൽ നിന്നുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ചില ബാറ്റർമാർ വരുണിന്റെ പന്തിൽ കളിക്കാൻ ബുദ്ധിമുട്ടാറുമുണ്ട്. ഇന്ത്യൻ ടി20 ടീമിൽ സ്ഥിരസാന്നിദ്ധ്യമായ വരുൺ ചക്രവർത്തി ഇക്കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുളള ഇന്ത്യയുടെ ഏകദിന ടീമിലും ഇടംപിടിച്ചിരുന്നു.

ചെന്നൈ സൂപ്പർ കിങ്സിന്റെ നെറ്റ് ബോളറായ ശേഷമാണ് തനിക്ക് ഐപിഎലിൽ കളിക്കാൻ അവസരം ലഭിച്ചതെന്ന് പറയുകയാണ് വരുൺ. ഒരു യൂടൂബ് ചാനലിലായിരുന്നു ഐപിഎലിൽ എങ്ങനെയാണ് എത്തിയതെന്ന് വരുൺ ചക്രവർത്തി വെളിപ്പെടുത്തിയത്. “രണ്ട് വർ‌ഷത്തെ വിലക്കിന് ശേഷം ചെന്നെ സൂപ്പർ കിം​ഗ്സ് വീണ്ടും ഐപിഎല്ലിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന സമയമായിരുന്നു അന്ന്. ഞാൻ ഒരിക്കൽ സ്കൂട്ടറിൽ ചെന്നൈ ടീമിന്റെ ബസിനെ പിന്തുടർന്നു. ടിഎസ് മോഹൻ എന്നയാളായിരുന്നു അന്ന് ചെന്നൈയുടെ നെറ്റ് ബോളേഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.

അന്ന് ചെപ്പോക്ക് സ്റ്റേഡിയത്തിനടുത്ത് നിന്ന് ഞാൻ അദ്ദേഹത്തെ വിളിച്ചു. സിഎസ്കെയുടെ നെറ്റ് ബോളറായി അവസരം കിട്ടുമോയെന്ന് ചോദിച്ചു. ഏത് ഡിവിഷനിലാണ് കളിച്ചിട്ടുളളതെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. അഞ്ചാം ഡിവിഷനിലെന്ന് താൻ മറുപടി നൽകി. എന്നാൽ ഒന്നാം ഡിവിഷനിലെ താരങ്ങളെ മാത്രമേ പരി​ഗണിക്കാറൂളളൂ എന്ന് അദ്ദേഹം പറഞ്ഞു. എന്നെ ഇത് പറഞ്ഞ് എളുപ്പത്തിൽ ഒഴിവാക്കാമായിരുന്നെങ്കിലും അദ്ദേഹം അത് ചെയ്തില്ല. അടുത്ത ദിവസം വന്ന് അദ്ദേഹത്തെ കാണാൻ പറഞ്ഞു.

ഞാനവിടെ ചെന്ന സമയത്ത് അവിടെയുളളവരെല്ലാം ഒന്നാം ഡിവിഷനിലുളള ബോളർമാരായിരുന്നു. താഴെയുളള ഡിവിഷനിൽ നിന്ന് ഞാൻ മാത്രം. എന്നാൽ അദ്ദേഹം എനിക്കാണ് ആദ്യം പന്ത് തന്നത്. ഞാൻ ആദ്യം ബ്രാവോയ്ക്കും പിന്നീട് ധോണിക്കും റെയ്നക്കും പന്തെറിഞ്ഞു. എല്ലാവർക്കും എന്റെ ബോളിങ് ഇഷ്ടമായി. തുടർന്ന് ഐപിഎലിൽ രജിസ്റ്റർ ചെയ്തിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ലെന്നായിരുന്നു എന്റെ മറുപടി. പിന്നാലെ സിഎസ്കെയ്ക്കായി നെറ്റ്സിൽ പന്തെറിയാൻ പറഞ്ഞു.

Read more

ഇതിന് ശേഷമാണ് ദിനേശ് കാർത്തിക്കിനെ കാണുന്നത്. അദ്ദേഹം വഴി കൊൽക്കത്തയുടെ നെറ്റ് ബോളറായി. പിന്നീടാണ് കൊൽക്കത്ത ടീമിൽ ഇടംലഭിക്കുന്നത്”, വരുൺ ചക്രവർത്തി പറഞ്ഞു.