കോഹ്‌ലിയെ നായക സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നത് ക്രിക്കറ്റിനോട് തന്നെയുള്ള അവഗണന; വിലയിരുത്തലുമായി ഇംഗ്ലണ്ട് മുന്‍ താരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പരാജയത്തിന്റെ പേരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ നായക സ്ഥാനത്തുനിന്ന് മാറ്റുന്നത് വലിയ തെറ്റാണെന്ന് ഇംഗ്ലണ്ട് മുന്‍ താരം ഗ്രേം സ്വാന്‍. കോഹ്‌ലി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണെന്നും തന്റെ ഉത്തരവാദിത്വത്തോട് നൂറു ശതമാനം കൂറുപുലര്‍ത്തുന്ന ആളാണെന്നും സ്വാന്‍ പറഞ്ഞു.

“വിരാട് കോഹ്ലി ഒരു ചാമ്പ്യനും സൂപ്പര്‍സ്റ്റാറുമാണ്. അദ്ദേഹം ഇന്ത്യന്‍ ടീമിനെ ശക്തിപ്പെടുത്തി. ഒരു വിക്കറ്റ് പോകുമ്പോള്‍ നിങ്ങള്‍ അവന്റെ അഭിനിവേശം കാണണം. ഒരു മിസ്ഫീല്‍ഡ് സംഭവിക്കുമ്പോള്‍ അവന്റെ മുഖം നോക്കൂ. അദ്ദേഹം തന്റെ ജോലിയില്‍ 100% പ്രതിജ്ഞാബദ്ധനാണ്. ഇത്രയും മികച്ച ഒരു ക്യാപ്റ്റനെ മാറ്റി നിങ്ങള്‍ മറ്റൊരാളെ നിയമിച്ചാല്‍ അത് ക്രിക്കറ്റിനെതിരായ ഒരു കുറ്റമായിരിക്കും.”

Graeme Swann blasts England selectors over First Test blunder and warns over repeat - Mirror Online

“ഫൈനലില്‍ വേണ്ട മുന്നോരുക്കം ഇല്ലാത്തതാണ് ഇന്ത്യയ്ക്ക് മത്സരം നഷ്ടപ്പെടുത്തിയത്. ഇന്ത്യയ്ക്ക് സതാംപ്ടണിലെ മത്സരത്തിന് മുന്നേ നെറ്റ് പ്രാക്ടീസ് മാത്രമാണ് ഉണ്ടായിരുന്നത്. അത് യഥാര്‍ത്ഥയൊരു ടെസ്റ്റ് മത്സരം കളിക്കുന്നതിന് പകരമാവില്ല. എന്നാല്‍ ന്യൂസിലന്‍ഡിന് സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായിരുന്നു. ഡ്യൂക്ക്‌സ് പന്ത് ഉപയോഗിച്ച് ധാരാളം ക്രിക്കറ്റ് കളിച്ച എനിക്ക് അറിയാം നിങ്ങള്‍ക്ക് ഒരു സ്വിംഗ് ബോളര്‍ ഉണ്ടെങ്കില്‍ അവന്‍ വളരെ അപകടകാരിയാകുമെന്ന്” സ്വാന്‍ പറഞ്ഞു.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ തുടരെ തുടരെ പരാജയപ്പെടുന്നതിനെ തുടര്‍ന്ന് കോഹ്‌ലിയെ നായക സ്ഥാനത്ത് നിന്നു മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഒരു കളിക്കാരനെന്ന നിലയില്‍ കോഹ്‌ലി ക്രിക്കറ്റ് ലോകത്ത് ഒന്നാമത് നില്‍ക്കുമ്പോഴും ടീമിന് ഒരു പ്രധാന കിരീടം നേടികൊടുക്കാന്‍ സാധിച്ചില്ല എന്നത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.