ആ രണ്ടു പേരുടെ എല്ലാ പിന്തുണയുണ്ട്; ലോകകപ്പ് ടീമിലുണ്ടാകുമെന്ന് സീനിയര്‍ താരം

ഏകദിന ലോകകപ്പില്‍ താന്‍ കളിക്കുന്നത് കാണാന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തന്നെ പിന്തുണച്ചതായി ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍ ശിഖര്‍ ധവാന്‍. ഏകദിന ഫോര്‍മാറ്റിലെ പ്രധാന താരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഫോമിലെ ഇടിവിനെത്തുടര്‍ന്ന് ധവാന് ടീമിലെ തന്റെ സ്ഥാനം നഷ്ടമായിരുന്നു.

രോഹിത് ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോള്‍, രാഹുല്‍ ദ്രാവിഡിനൊപ്പം അദ്ദേഹം എന്നെ പിന്തുണച്ചു. ഞാന്‍ എന്റെ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്റെ കാഴ്ചപ്പാട് അടുത്ത ലോകകപ്പായിരിക്കണമെന്നും അവര്‍ എന്നോട് പറഞ്ഞു. 2022 എനിക്ക് വളരെ നല്ലതായിരുന്നു. ഞാന്‍ സ്ഥിരത പുലര്‍ത്തി- ധവാന്‍ പറഞ്ഞു.

എന്നാല്‍ ഈ ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന രണ്ടു ചെറുപ്പക്കാരുണ്ട്. ഒന്നോ രണ്ടോ പരമ്പരകളില്‍ എന്റെ ഫോം കുറഞ്ഞപ്പോള്‍ അവര്‍ ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കി. അവന്‍ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നു. ബംഗ്ലാദേശിനെതിരെ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി നേടിയപ്പോള്‍, ഒരു നിമിഷം ഞാന്‍ ടീമിന് പുറത്താകുമെന്ന് കരുതി- ധവാന്‍ കൂട്ടിച്ചേര്‍ത്തു.

2022ല്‍ 22 ഏകദിന മത്സരങ്ങളില്‍ നിന്ന് 688 റണ്‍സാണ് 37 കാരനായ താരം നേടിയത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പിനുള്ള സാധ്യതാ പട്ടികയില്‍ ധവാന്‍ ഇടംനേടുമെന്നാണ് കരുതുന്നത്. രോഹിത്തിന്റെയും ദ്രാവിഡിന്റെയും പിന്തുണ ഇതിന് താരത്തെ സഹായിക്കുമെന്നാണ് കരുതേണ്ടത്.