ആ ക്യാച്ച് എടുക്കാന്‍ എവിടെ നിന്നാണ് അയാള്‍ വന്നതെന്ന് ഇപ്പോഴും അറിയില്ല; ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ക്യാച്ച്!

ഷമീല്‍ സലാഹ്

1983 ലോര്‍ഡ്‌സില്‍ നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് വേള്‍ഡ് കപ്പ് ഫൈനല്‍. 60 ഓവര്‍ മത്സരത്തില്‍ വിജയത്തിനായി 184 റണ്‍സ് പിന്തുടരുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിനകം, കേവലം 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 50 റണ്‍സ് എന്ന നിലയിലും. അതില്‍ തന്നെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിവ് റിച്ചാര്‍ഡ്‌സ് 7 ബൗണ്ടറികള്‍ സഹിതം 30 റണ്‍സും പിന്നിട്ട്, ഇന്ത്യയെ സംബന്ധിച്ച് ഉത്തരമില്ലാത്ത രീതിയില്‍ വെസ്റ്റ് ഇന്‍ഡീസ് ലക്ഷ്യത്തിലേക്ക് കുതിക്കുന്നതായും തോന്നുന്നു..

അപ്പോഴാണ് മദന്‍ലാലിന്റെ പന്തില്‍ ഡസ്‌മെണ്ട് ഹെയ്ന്‍സ് അടിച്ച ഒരു പന്തിനെ റോജര്‍ ബിന്നിയുടെ കൈകളിലേക്കെത്തിച്ച് കൊണ്ട് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രു വരുന്നത്.
പിന്നീടായിരുന്നു അല്പ പന്തുകളുടെ ഇടവേള കഴിഞ്ഞ് അതി പ്രശസ്തമായ ആ വിക്കറ്റ് വരുന്നത്..
അപകടകാരിയായ വിവ് റിച്ചാര്‍ഡ്‌സിന്റെ വിക്കറ്റ്.!

ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ആ മത്സരത്തില്‍ കുറഞ്ഞത് ഒരു ദശലക്ഷം ഇന്ത്യക്കാരെങ്കിലും കണ്ടു എന്ന് വിലയിരുത്തപ്പെടുന്ന വിക്കറ്റ്. വീണ്ടും മദന്‍ലാല്‍ ഓഫ് സ്റ്റമ്പിന് പുറത്തായി പിച്ച് ചെയ്ത ഒരു പന്ത് എറിയുന്നു.. റിച്ചാര്‍ഡ് ആ പന്ത് ഓണ്‍ സൈഡിലേക്ക് വലിച്ചടിക്കാന്‍ ശ്രമിക്കുന്നു …..
എന്നാല്‍, ബാറ്റിന് മുകളിലെ എഡ്ജില്‍ തട്ടിയ പന്ത് പ്രതീക്ഷിച്ചതിലും അല്പം ഉയര്‍ന്ന് ഡീപ് മിഡ് വിക്കറ്റിലേക്ക് പറന്നു…

അവിടെ ഫീല്‍ഡര്‍മാര്‍ ആരുമില്ല!, എന്നാല്‍ അവിടേക്ക് ഒരാള്‍ ഓടിയെത്തുന്നുണ്ട്, അതും ഏറെ ദൂരം പിന്നിലേക്ക് ഓടിക്കൊണ്ട്. അതില്‍ തന്നെ തന്റെ ഓട്ടത്തിനൊപ്പം ഏറെ സമയം പന്തില്‍ കണ്ണ് വെച്ച് ബൗണ്ടറി ലൈനിനടുത്ത് വെച്ച് ഇന്ത്യന്‍ നായകനും, ഇന്ത്യയുടെ എക്കാലത്തേയും മികച്ച വീറുറ്റ കളിക്കാരനുമായ കപില്‍ ദേവ് ഇടത് തോളിനോട് ചേര്‍ന്നിറങ്ങിയ ആ പന്തിനെ കൈക്കുള്ളിലാക്കുന്നു.

ഒരു വേള്‍ഡ് കപ്പ് ഫൈനല്‍ എന്ന, ആ കളിയിലെ തന്നെ ഏറ്റവും നിര്‍ണ്ണായകമായ നിമിശമായിരുന്നു അത്. ഒരു ഫീല്‍ഡറെ സംബന്ധിച്ച് വളരെ നേരം പിന്നിലേക്ക് ഓടുന്നതും പന്തിന് കീഴില്‍ ബാലന്‍സ് നിലനിര്‍ത്തുന്നതും ഒരു തരത്തിലും എളുപ്പമുള്ള ഒരു കഴിവുമല്ല! എന്നാല്‍ ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത തരത്തില്‍ റിച്ചാര്‍ഡ്‌സ് എന്ന രാജാവിനെ വീഴ്ത്തിക്കൊണ്ട് ആ ക്യാച്ച് കപില്‍ സ്വന്തമാക്കിയിരിക്കുന്നു. അതോട് കൂടി കളിയില്‍ ഇന്ത്യ പിടിമുറുക്കുകയും, ഒടുവില്‍ 43 റണ്‍സിന്റെ ഉജ്ജ്വല വിജയത്തോടെ, ഇന്ത്യ തങ്ങളുടെ ആദ്യ വേള്‍ഡ് കപ്പ് കിരീടവും സ്വന്തമാക്കുന്നു..

ഈ ക്യാച്ചിനെ കുറിച്ച് പിന്നീട് കപിലിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് : ഞങ്ങളുടെ പരിശീലകന്‍ (PR മാന്‍ സിങ് ) ഞങ്ങളോട് പറഞ്ഞിട്ടുളളത് തിരികെ ഓടുമ്പോള്‍, ക്യാച്ച് വശത്തേക്ക് എടുക്കാന്‍ ശ്രമിക്കുക എന്നതായിരുന്നു.

അതേസമയം വിവ് റിച്ചാര്‍ഡ്‌സിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് : അയാള്‍ (കപില്‍ ) ആ ക്യാച്ച് എടുക്കാന്‍ എവിടെ നിന്നാണ് വന്നതെന്ന് എനിക്കിപ്പോഴും അറിയില്ല എന്നതുമായിരുന്നു..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍