കശാപ്പുകാരന്‍റെ ഏറ്റവും വലിയ അറവ് കണ്ട ദിനം!

കളിക്കുന്ന കാലത്ത് ഒരിക്കല്‍ പോലും ഒരാള്‍ പോലും വിമര്‍ശിക്കാത്ത ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഒരേ ഒരു ഉത്തരമായിരിക്കും ലഭിക്കുക. ‘വിവിയന്‍ ഐസക് അലക്‌സാണ്ടര്‍ റിച്ചാര്‍ഡ്‌സ്’.

ഒരു പക്ഷെ ക്രിക്കറ്റ് ഉടലെടുത്തതിന് ശേഷം അതിന് ഒരു എന്റര്‍ടെയ്ന്‍മെന്റ് ഫീലിംഗ് ആദ്യം കൊണ്ടു വന്നത് വിവിയന്‍ ആയിരിക്കും. തനിക്ക് നേരെ വരുന്ന പന്തുകളെ ഹെല്‍മറ്റ് എന്ന സുരക്ഷാ കവചത്തെ മറന്ന് വന്യമായി അടിച്ചകറ്റുന്ന വിജയകരമായ കേളീശൈലിയെ ഒന്നു പരീക്ഷിക്കാന്‍ പോലും അക്കാലത്തെ പ്രമുഖ ബൗളര്‍മാര്‍ക്കോ പിച്ചുകള്‍ക്കോ സാധിച്ചിട്ടില്ല എന്നത് വിസ്മയകരമായ വസ്തുതയും .

1983 ലോകകപ്പില്‍ സിംബാബ് വെക്കെതിരെ കപില്‍ദേവ് പുറത്താകാതെ 175 റണ്‍ നേടിയപ്പോള്‍ ക്രിക്കറ്റ് ലോകം അത്ഭുതത്തോടെയാണ് അതു കണ്ടു നിന്നത്. കപിലിന്റെ ലോകകപ്പ് റെക്കോര്‍ഡ് ഒരിക്കലും ഒരിക്കലും തകര്‍ക്കപ്പെടില്ലെന്ന് തന്നെ ക്രിക്കറ്റ് ലോകം വിശ്വസിച്ചു. ഇനി അഥവാ തകര്‍ക്കപ്പെട്ടാല്‍ തന്നെ അതിന് സാധ്യത കല്പിച്ചതും വിവിയന് മാത്രമായിരുന്നു. അതിന് കാരണവുമുണ്ട്. 1984 ല്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ 189 റണ്‍സ് എടുത്ത് സര്‍വ്വകാല റെക്കോര്‍ഡ് സ്ഥാപിച്ചത് വിവിയന്‍ തന്നെയായിരുന്നു .

എന്നാല്‍ ആദ്യ ലോകകപ്പ് മുതല്‍ രംഗത്തുള്ള ഏകദിന ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍സ്റ്റാറിന് 1987 ലോകകപ്പിനെത്തുമ്പോള്‍ പ്രായം 35 ലെത്തിയിരുന്നു. കരിയറിന്റെ അവസാനഘട്ടമായതിനാല്‍ ആ സാധ്യതയും തീരെ ഇല്ലാതായി എന്നു പറയാം.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന 1987 ലോകകപ്പില്‍ റിച്ചാര്‍ഡ്‌സ് നയിച്ച വെസ്റ്റ് ഇന്‍ഡീസ് ആദ്യ മത്സരത്തില്‍ അലന്‍ ലാംബിന്റെ അവസാന ഓവറുകളിലെ പ്രകടനത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനോട് 2 വിക്കറ്റിനോട് തോറ്റപ്പോള്‍ അല്പമെങ്കിലും തലയുയര്‍ത്തി നിന്നത് വിവിയന്റെ ചെറിയ ഇന്നിങ്‌സായിരുന്നു.

വിന്‍ഡീസിന്റെ അടുത്ത മത്സരം അപ്പോഴും തങ്ങളുടെ ക്രിക്കറ്റിന്റെ ആദ്യ നാളുകളില്‍ പിച്ച വെച്ചു നടക്കുന്ന ശ്രീലങ്കക്കെതിരെ ആയിരുന്നു .കരീബിയന്‍ ജനത ഒരിക്കലും മറക്കാത്ത ഒരു ദൃശ്യവിരുന്നിനാണ് ആ മത്സരം വഴിയൊരുക്കിയത് .ഓപ്പണര്‍ ബെസ്റ്റിനെ പുറത്താക്കിയതിനു പിന്നാലെ രവി രത്‌നായകെ റിച്ചി റിച്ചാര്‍ഡ്‌സണെ ഗോള്‍ഡന്‍ ഡക്കിന് മടക്കിയതോടെ ക്രീസിലെത്തിയ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ആദ്യത്തെ കടമ്പ ബൗളറുടെ ഹാട്രിക് ഒഴിവാക്കല്‍ ആയിരുന്നു.

കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ റിച്ചാര്‍ഡ്‌സിന്റെ തുടക്കം പതിയെ ആയിരുന്നു .62 പന്തില്‍ 50 തികച്ച വിവിയന്‍ പിന്നാലെ കളിയുടെ നിയന്ത്രണം തന്റെ വരുതിയിലാക്കി .കളിച്ച പന്തിനേക്കാള്‍ വേഗത്തില്‍ 100 ലെത്തിയ റിച്ചാര്‍ഡ്‌സ് അവിടെയും അവസാനിപ്പിച്ചില്ല .കാണികള്‍ക്ക് ബാറ്റിങ് വിരുന്നിന്റെ ആനന്ദക്കാഴ്ച സമ്മാനിച്ച കിങ് റിച്ചാര്‍ഡ്‌സ് പിന്നീടുള്ള 27 പന്തില്‍ അടിച്ചു കൂട്ടിയത് 81 റണ്‍സ്.ആകെ 125 പന്തില്‍ 181 റണ്‍സ് നേടിയ റിച്ചാര്‍ഡ്‌സിന്റെ ഇന്നിങ്‌സ് അക്കാലഘട്ടത്തിലെ സങ്കല്പത്തിനും അപ്പുറത്തുള്ള ഒരു ഇന്നിങ്‌സ് ആയിരുന്നു .

അന്നത്തെ റിച്ചാര്‍ഡ്‌സിന്റെ ബാറ്റിങ് ബൗളര്‍മാര്‍ക്കെതിരായ ഒരു കശാപ്പ് ആയാണ് തോന്നിച്ചത് .ആശാന്ത ഡിമെല്‍ 10 ഓവറില്‍ 97 റണ്‍സ് വഴങ്ങിയപ്പോള്‍ ഗുരുസിംഗെ യുടെ 4 ഓവറില്‍ 43 റണ്‍സ് പിറന്നു .7 ബൗളര്‍മാര്‍ മാറി മാറി എറിഞ്ഞിട്ടും റിച്ചാര്‍ഡ്‌സിനെ ഒന്നു പരീക്ഷിക്കാന്‍ പോലും പറ്റിയില്ല .3 വര്‍ഷം മുന്‍പ് ബോതവും വില്ലീസും അടങ്ങിയ ഇംഗ്ലീഷ് പേസ് പടക്കെതിരെ നേടിയ 189 റണ്‍സ് ഇന്നിങ്ങ്‌സിന് പക്ഷെ ഇത്രയും വന്യത ഉണ്ടായിരുന്നില്ല.

അതേ ഇന്നിന്ങ്‌സില്‍ ഓപ്പണര്‍ ഡെസ്മണ്ട് ഹെയ്ന്‍സ് 124 പന്തില്‍ 105 റണ്‍സ് അടിച്ചുവെങ്കിലും അതൊക്കൊ റിച്ചാര്‍ഡ്‌സിന്റെ 16 ഫോറുകളും 7 സിക്‌സറുകളും അടങ്ങിയ ഇന്നിങ്‌സിന്റെ മുന്നില്‍ ഒന്നുമല്ലാതായിപ്പോയി .ഹെയ്ന്‍സിനൊപ്പം മൂന്നാം വിക്കറ്റില്‍ 182 റണ്‍സും നാലാം വിക്കറ്റില്‍ ഗസ് ലോഗി ക്കൊപ്പം 116 ഉം കൂട്ടിച്ചേര്‍ത്ത റിച്ചാര്‍ഡ്‌സ് വിന്‍ഡീസ് സ്‌കോര്‍ 360 /4 ലെത്തിച്ചു .300 പോലും അപൂര്‍വമായ അക്കാലത്ത് അവസാന 6 ഓവറില്‍ പിറന്നത് 100 റണ്‍സ് . ഇപ്പോഴത്തെ T20 കാലഘട്ടത്തില്‍ പോലും കാണാന്‍ ബുദ്ധിമുട്ടുള്ള സംഖ്യകള്‍.

343/4 എന്ന സ്‌കോറില്‍ ഡിമെലിന്റെ പന്തില്‍ മഹാനാമക്ക് പിടി കൊടുക്ക് പുറത്തായിലെങ്കില്‍ ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി അന്ന് പിറന്നേനെ.44 ഓവറില്‍ 258 റണ്‍സ് എന്ന സാഹചര്യത്തില്‍ 300 ലെത്തും എന്ന് തോന്നിച്ച സ്‌കോര്‍ എത്തിയത് 360 ല്‍. മറുപടി ബാറ്റിങ്ങില്‍ 169/4 ലൊതുങ്ങിയ ശ്രീലങ്ക തോറ്റത് 191 റണ്‍സിന്.8 ഓവര്‍ ബൗള്‍ ചെയ്ത് 22 റണ്‍സ് മാത്രം വഴങ്ങി ബൗളിങ്കിലും തിളങ്ങിയ റിച്ചാര്‍ഡ്‌സ് മാന്‍ ഓഫ് ദ മാച്ചുമായി.

ആ മത്സരത്തില്‍ റെക്കോര്‍ഡുകളുടെ മഴവെള്ള പാച്ചിലുകളാണ് കണ്ടത്.

* ഏകദിന ക്രിക്കറ്റിലെ ഒരു ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍
* ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍
* ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍
* ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍
* ലോകകപ്പില്‍ ഒരു മാച്ചില്‍ ഏറ്റവുമധികം സിക്‌സര്‍ അടിച്ച കളിക്കാരന്‍
* ഒരു ടീമിലെ 2 പേര്‍ സെഞ്ചുറി നേടിയ ആദ്യ മത്സരം
* ഒരു മത്സരത്തില്‍ ഏറ്റവുമധികം റണ്‍ വഴങ്ങിയ ബൗളര്‍

അങ്ങനെ, അങ്ങനെ, പോകുന്നു റിക്കാര്‍ഡുകളുടെ നിര ഏകദിന ക്രിക്കറ്റിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറും മുടി ചൂടാമന്നനുമായ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ 10 മത് ഏകദിന സെഞ്ചുറി ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മാരകവും ആധികാരികവും ആയ ഇന്നിംഗസായി കണക്കാക്കപ്പെടുന്നു. ക്രിക്കറ്റ് ഗ്രൗണ്ടിലെ പുല്‍മൈതാനങ്ങളെ ത്രസിപ്പിച്ച കിങ് വിവിയന് ഇന്നലെ 70 ആം ജന്‍മദിനമായിരുന്നു.