ടി20 ലോകകപ്പ് 2024: ഇന്ത്യ-ഓസ്ട്രേലിയ മത്സരം മഴയെടുത്താലോ...?, കാലാവസ്ഥാ പ്രവചനം ഇങ്ങനെ

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. സെന്റ് വിന്‍സന്റിലെ ഡാരന്‍ സമി ദേശീയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ടിനാണ് മത്സരം. സെമി ഫൈനലിലേക്കുള്ള പ്രവേശനം ഉറപ്പിക്കണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് ജയിക്കണം. തോല്‍ക്കുന്ന പക്ഷം, ചൊവ്വാഴ്ച നടക്കുന്ന അഫ്ഗാനിസ്താന്‍-ബംഗ്ലാദേശ് മത്സരത്തെ ആശ്രയിച്ചിരിക്കും സാധ്യത.

2023 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെയും ഏകദിന ലോകകപ്പ് ഫൈനലിലെയും തോല്‍വിക്കും പ്രതികാരം ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഒരു മിന്നും വിജയത്തോടെ ഓസ്ട്രേലിയയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കാനുള്ള പ്രതീക്ഷകളിലാണ് ഇന്ത്യ. അഞ്ച് വിജയങ്ങളും ഒരു ഫലവുമില്ലാത്ത ഇന്ത്യ ടൂര്‍ണമെന്റില്‍ ഇപ്പോഴും തോല്‍വിയറിയാതെ നില്‍ക്കുന്നു. മറുവശത്ത്, അഫ്ഗാനിസ്ഥാനെതിരായ ഹൃദയഭേദകമായ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയ മത്സരത്തിനിറങ്ങുന്നത്. ഇത് അവരുടെ സെമി ഫൈനല്‍ യോഗ്യതാ പ്രതീക്ഷകളെ ഗുരുതരമായി ബാധിച്ചു. അതിനാല്‍ ഇന്ത്യയ്‌ക്കെതിരെ തോറ്റാല്‍ ഓസ്‌ട്രേലിയയ്ക്ക് നാട്ടിലേക്ക് മടങ്ങാം.

ഇതിനിടെ കളിയെ ഒരു പരിധിവരെ ബാധിച്ചേക്കാവുന്ന മഴയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മത്സരത്തിന് മുമ്പുള്ള കാലാവസ്ഥാ റിപ്പോര്‍ട്ട് നോക്കിയാല്‍ ജൂണ്‍ 24-ന് സെന്റ് ലൂസിയയില്‍ മഴയ്ക്ക് 15% സാധ്യതയുണ്ട്. എന്നാല്‍ മത്സരസമയത്ത് ഇടിമിന്നലിനും മഴയ്ക്കും വെറും 5% സാധ്യതയേ ഉള്ളൂ. മത്സരം അല്‍പ്പസമയത്തേക്ക് തടസ്സപ്പെട്ടേക്കാമെങ്കിലും വാഷ്ഔട്ടാകുകയില്ല.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം എങ്ങനെയെങ്കിലും വാഷ്ഔട്ടായി അവസാനിക്കുകയാണെങ്കില്‍, അഫ്ഗാനിസ്ഥാന് സെമി ഫൈനലില്‍ പ്രവേശിക്കാന്‍ ബംഗ്ലാദേശിനെതിരെ ചെറിയൊരു വിജയം മാത്രം മതിയാകും. മത്സരസമയത്ത് മഴദൈവങ്ങള്‍ അകന്നു നില്‍ക്കുമെന്നും ഇന്ത്യയ്ക്കെതിരെ വിജയം ഉറപ്പിക്കാനാകുമെന്നും ഓസ്ട്രേലിയന്‍ ടീം പ്രതീക്ഷിക്കുന്നു.