ടി20 ലോകകപ്പ് 2024: റണ്‍വേട്ടക്കാരനെ പ്രവചിച്ച് റിക്കി പോണ്ടിംഗ്, നോ സര്‍പ്രൈസ്

ജൂണില്‍ അമേരിക്കയും (യുഎസ്എ) വെസ്റ്റ് ഇന്‍ഡീസും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തുന്ന താരം ആരായിരിക്കുമെന്ന് പ്രവചിച്ച് ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ്. ഇന്ത്യ, ഇംഗ്ലണ്ട്, പാക് താരങ്ങളെ മറികടന്ന് ഓസാസ് ടീമില്‍നിന്നുള്ള ഒരു താരത്തെയാണ് പോണ്ടിംഗ് തിരഞ്ഞെടുത്തത്.

എന്റെ പ്രവചനപ്രകാരം ട്രാവിസ് ഹെഡാവും റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. അവന്‍ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്നവനാണ്. വെള്ളബോളിലും ചുവപ്പ് ബോളിലും ഒരുപോലെ തിളങ്ങുന്നു. പ്രതിഭയുള്ള താരമാണവന്‍. ആരേയും ഭയമില്ലാത്ത ക്രിക്കറ്റാണ് ഇപ്പോള്‍ അവന്‍ കാഴ്ചവെക്കുന്നത്.

അവന്റെ ഐപിഎലിലെ പ്രകടനത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടായിരുന്നു. എന്നാല്‍ അവന്‍ ഫോമിലേക്കെത്തിയാല്‍ അത് മത്സരത്തിന്റെ ഫലം മാറ്റും. സ്ഥിരതയോടെ കളിക്കാന്‍ കഴിവുള്ളവനാണ് ഹെഡ്. തീര്‍ച്ചയായും അവനാവും ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ മുന്നിലെത്തുക- പോണ്ടിംഗ് പറഞ്ഞു.

ജൂണ്‍ 2ന് ഡാലസിലെ ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിയത്തില്‍ യു.എസ്.എയും കാനഡയും തമ്മില്‍ ഉദ്ഘാടന മത്സരം നടക്കും. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് മുന്നേറും.

സൂപ്പര്‍ എട്ട് പിന്നീട് രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പുകളില്‍നിന്നും ലീഡ് ചെയ്യുന്ന രണ്ട് ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ജൂണ്‍ 29 ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഫൈനല്‍.

Read more