ഓസീസിനെതിരായ ടി20 പരമ്പര: സൂര്യകുമാറിനെ അല്ല, ആ താരത്തെയായിരുന്നു നായകനാക്കേണ്ടിയിരുന്നത്; വിമര്‍ശിച്ച് ശശി തരൂര്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പമ്പരയില്‍നിന്ന് മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. യുവനിരയ്ക്ക് പ്രമുഖ്യം നല്‍കിയ ടീമിന്റെ നായകന്‍ സൂര്യകുമാര്‍ യാദവാണ്. എന്നാല്‍ ഈ പരമ്പരയില്‍ യഥാര്‍ഥത്തില്‍ സൂര്യകുമാറല്ല മറിച്ച് സഞ്ജുവാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നതെന്നു തരൂര്‍ ചൂണ്ടിക്കാട്ടി.

ഇതു ശരിക്കും വിവരണാതീതമാണ്. സഞ്ജു സാംസണിനെ ടീമിലേക്കു തിരഞ്ഞെടുക്കുക മാത്രമായിരുന്നില്ല വേണ്ടിയിരുന്നത്, മുഴുവന്‍ സീനിയര്‍ താരങ്ങളുടെയും അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയും ചെയ്യേണ്ടിയിരുന്നു. കേരള ടീമിനൊപ്പവും രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പവും ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ അനുഭവസമ്പത്ത് സൂര്യയേക്കാള്‍ കൂടുതലാണ്.

ക്രിക്കറ്റ് പ്രേമികളായ പൊതുജനങ്ങളോടു ഇതിന്റെ കാരണം നമ്മുടെ സെലക്ടര്‍മാര്‍ വിശദീകരിക്കേണ്ടത് ആവശ്യമാണ്. മാത്രമല്ല എന്തു കൊണ്ടാണ് യുസി (യുസ്വേന്ദ്ര) ചഹലുമില്ലത്തത്?- ശശി തരൂര്‍ എക്സില്‍ കുറിച്ചു.

ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന മുന്‍നിര കളികാര്‍ക്കെല്ലാം വിശ്രമം നല്‍കി രണ്ടാം നിര ടീമിനെയാണ് ഓസ്ട്രേലിയക്കെതിരേ ഇന്ത്യ ഇറക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം 23ന് വിശാഖപട്ടണത്ത് നടക്കും.