സ്‌പോര്‍ട്‌സ് ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി സൂര്യകുമാർ യാദവ്, സുഖം പ്രാപിച്ചുവരികയാണെന്ന് അറിയിച്ച് താരം

തനിക്ക് സ്‌പോര്‍ട്‌സ് ഹെര്‍ണിയ ശസ്ത്രക്രിയ പൂര്‍ത്തിയായ വിവരം പങ്കുവച്ച് ഇന്ത്യയുടെ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വച്ചായിരുന്നു സൂര്യകുമാറിന് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായ വിവരം പങ്കുവച്ച സൂര്യ ഇപ്പോള്‍ താന്‍ സുഖം പ്രാപിച്ചുവരികയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

സ്‌പോര്‍ട്‌സ് ഹെര്‍ണിയ കാരണം താരത്തിന്റെ അടിവയറ്റില്‍ വലതുവശത്തായാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സൂര്യകുമാർ യാദവിന്റെ കുറിപ്പ് വന്നത്. ഇത് രണ്ടാം തവണയാണ് സ്‌പോര്‍ട്‌സ് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് സൂപ്പർതാരം വിധേയനാവുന്നത്. ഇതിന് മുന്‍പ് 2024 ജനുവരിയിലും സൂര്യയ്ക്ക് ശസ്ത്രക്രിയ നടന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൂര്യകുമാറിന്റെ മൂന്നാമത്തെ ശസ്ത്രക്രിയയാണിത്.

Read more

ഈ വർഷം ഓ​ഗസ്റ്റിലാണ് ഇന്ത്യൻ ടീമിന് ഇനി ടി20 സീരീസ് കളിക്കാനുളളത്. ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഈ വൈറ്റ് ബോള്‍ സീരീസിലൂടെയാവും സൂര്യ ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുക. ഇതിന് മുൻപ് ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഫോര്‍ എക്‌സലന്‍സില്‍ ചേര്‍ന്ന് താരം ഫിറ്റ്‌നസ് വീണ്ടെടുക്കും.