കോഹ്ലി നിഷ്പ്രഭം, സ്മിത്ത് ഒറ്റയ്ക്ക് മുന്നില്‍

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്തിന്റെ മേധാവിത്വം. രണ്ടാമതുളള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിമായുള്ള അന്തരം കൂട്ടിയാണ് സ്റ്റീവ് സ്മിത്തിന്റെ കുതിപ്പ്.

കഴിഞ്ഞ റാങ്കിംഗില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ കോഹ്ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തിയ സ്മിത്ത് പുതിയ റാങ്കിംഗില്‍ കോഹ്ലിയുമായുള്ള വ്യത്യാസം 34 പോയിന്റാക്കി ഉയര്‍ത്തി. 937 റേറ്റിംഗ് പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള സ്മിത്തിനുള്ളത്. 2017-ല്‍ നേടിയ തന്റെ എക്കാലത്തെയും മികച്ച റേറ്റിംഗ് പോയിന്റിന് 10 പോയിന്റ് മാത്രം പുറകിലാണ് സ്മിത്ത് ഇപ്പോള്‍.

ആഷസില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ദ്ധസെഞ്ച്വറിയും നേടിയതാണ് സ്മിത്തിന്റെ റേറ്റിംഗ് ഉയര്‍ത്തിയത്. ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര നാലാമതും അജിങ്ക്യാ രഹാനെ ഏഴാമതുമാണ്.

നാലാം ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസര്‍ പാറ്റ് കമിന്‍സ് 914 റേറ്റിംഗ് പോയിന്റുമായി ബോളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ്. 2001-ല്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മക്ഗ്രാത്താണ് ഇതിനു മുമ്പ് 914 റേറ്റിംഗ് പോയിന്റ് നേടിയിട്ടുള്ള ഓസീസ് ബോളര്‍. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയും ഇന്ത്യയുടെ ജസ്പ്രീത് ഭുംറയുമാണ് രണ്ടു മൂന്നും സ്ഥാനങ്ങളില്‍.