കാല് തകര്‍ന്ന് ജയസൂര്യ; സങ്കടക്കടലില്‍ ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാനാകാത്ത പേരാണ് ശ്രീലങ്കന്‍ താരം സനത് ജയസൂര്യയുടേത്. ഓപ്പണിംഗിനിറങ്ങി വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച് ക്രിക്കറ്റ് ലോകത്ത് പുതിയ ശൈലിയ്ക്ക് തന്നെ തുടക്കകുറിച്ച ഇതിഹാസ താരമാണ് ജയസൂര്യ. സ്പിന്‍ ബൗളറായി വന്ന് ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഓരോന്നും സ്വന്തമാക്കുകയായിരുന്നു ജയസൂര്യ. 1996ല്‍ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തലില്‍ ജയസൂര്യ വഹിച്ച പങ്ക് വലുതായിരുന്നു.

എന്നാല്‍ ജയസൂര്യയെ കുറിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര ആശ്വാസകരമല്ല. കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് താരം ഇപ്പോള്‍ അനുഭവിക്കുന്നത്. കാല്‍മുട്ടിന്റെ പരിക്കിനെ തുടര്‍ന്ന് ക്രച്ചസിന്റെ സഹായത്തോടെയാണ് ലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ നടക്കുന്നത്.

മെല്‍ബണിലേക്ക് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ പോവുകയാണ് ജയസൂര്യ ഇപ്പോള്‍. സര്‍ജറിക്ക് ശേഷം കുറഞ്ഞത് ഒരു മാസം എങ്കിലും കഴിഞ്ഞേ പൂര്‍വസ്ഥിതിയിലേക്ക് ജയസൂര്യക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നും അതുവരെ ജയസൂര്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തന്നെ തുടരുമെന്നും താരത്തെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുന്നുണ്ട്. ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഏറെ ഞെട്ടലുളവാക്കുന്ന വാര്‍ത്തയാണിത്.

ശ്രീലങ്കയ്ക്കായി 110 ടെസ്റ്റും 445 ഏകദിനവും കളിച്ചിട്ടുളള ജയസൂര്യ ടെസ്റ്റില്‍ 6973 റണ്‍സും ഏകദിനത്തില്‍ 13,430 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 323 വിക്കറ്റും ടെസ്റ്റില്‍ 98 വിക്കറ്റും ജയസൂര്യയുടെ പേരിലുണ്ട്. ലോകം കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് ജയസൂര്യയെ വിലയിരുത്തുന്നത്.