ലങ്കയ്ക്ക് വിജയമന്ത്രം പകർന്നത് രണ്ട് പേർ; കൗതുകമായി താരത്തിന്റെ വെളിപ്പെടുത്തൽ

ക്രിക്കറ്റ് കളം വീറിന്റെയും വാശിയുടെയും കൂടി വേദിയാണ്. ടീമിന്റെ തന്ത്രങ്ങൾ എതിരാളിക്ക് ചോർന്നുകിട്ടാതിരിക്കാനും ദൗർബല്യങ്ങൾ മുഴച്ചുനിൽക്കാതിരിക്കാനും ഏതൊരു കോച്ചും ക്യാപ്റ്റനും ശ്രദ്ധിക്കും.

എന്നാൽ ലങ്കയിൽ കളിച്ച ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡും നായകൻ ശിഖർ ധവാനും അൽപ്പം വ്യത്യസ്തരാണ്. എതിർ ടീം കഷ്ടത്തിലാണെങ്കിൽ കുറച്ച് സഹായം ചെയ്യാനൊന്നും അവർക്ക് മടിയില്ല. നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പരയ്ക്കിടെ ദ്രാവിഡും ധവാനും ഉപദേശം നൽകിയെന്ന ലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷനകയുടെ വെളിപ്പെടുത്തലാണ് കൗതുകമാകുന്നത്.

പരമ്പര വിജയത്തിനുശേഷമുള്ള സമ്മാനദാന ചടങ്ങിലാണ് ദ്രാവിഡിന്റെയും ധവാന്റെയും ഉദാരമനസ്‌കതയെ ഷനക വാഴ്ത്തിയത്. ലങ്കയുടെ സീനിയർ താരങ്ങളിൽ നിന്ന് കാര്യങ്ങൾ മനസിലാക്കുന്നതിനോളം പ്രധാനപ്പെട്ടതാണ് ഇന്ത്യയുടെ പരിചയസമ്പന്നരായ കൡക്കാരിൽ നിന്ന് പാഠം പഠിക്കുന്നത്. അതിന് അവസരം നൽകിയതിൽ ശിഖറിനോട് നന്ദി പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ളയാളാണ് ശിഖർ.

മത്സരത്തിന് തയാറെടുക്കുന്നതിനെയും ഗെയിം പ്ലാനിനെയും നിർണായക നിമിഷങ്ങളെ കൈകാര്യം ചെയ്യുന്നതിനെയും കുറിച്ചെല്ലാം അദ്ദേഹത്തോട് ഞാൻ ചോദിച്ചു. ധവാനോട് സംസാരിക്കുന്നത് ലങ്കൻ ക്രിക്കറ്റിന്റെ അഭിവൃദ്ധിക്ക് നല്ലതാണെന്ന് എനിക്ക് തോന്നി- ഷനക പറഞ്ഞു. ഇന്ത്യൻ താരങ്ങൾ കളത്തിൽ വളരെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരാണ്. അതിനാൽ എങ്ങനെയാണ് മത്സരത്തെ സമീപിക്കേണ്ടതെന്ന് ദ്രാവിഡിനോട് ചോദിച്ചു.

പ്രതികൂല സാഹചര്യങ്ങളിൽ പരമ്പര തുടരാൻ മനസുകാട്ടിയ ബിസിസിഐയോട് നന്ദി പറയാനും ഷനക മറന്നില്ല. മൂന്നാം ട്വന്റി20യിൽ ഏഴ് വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചാണ് ലങ്ക പരമ്പര സ്വന്തമാക്കിയത് (2-1).