'അക്കാര്യത്തില്‍ പാക് ആരാധകര്‍ ഇന്ത്യന്‍ ആരാധകരെ കണ്ട് പഠിക്കണം'; തുറന്നടിച്ച് വസീം അക്രം

ടീം പരിശീലകരെ ബഹുമാനിക്കാന്‍ പാക് ആരാധകര്‍ ഇന്ത്യന്‍ ആരാധകരില്‍ നിന്ന് പഠിക്കണമെന്ന് പാക് മുന്‍ നായകന്‍ വസീം അക്രം. പരിശീലകരോടുള്ള പാക് ആരാധകരുടെ സമീപനം ശരിയല്ലെന്നും പരാജയങ്ങളില്‍ പാകിസ്ഥാന്‍ കോച്ചുമാരെ പരിഹസിക്കുന്നതില്‍ നിന്ന് പാക് ആരാധകര്‍ പിന്മാറണമെന്നും വസീം അത്രം പറഞ്ഞു.

“ദേശീയ ടീമിന്റെ ഭാഗമായി എന്റെയൊപ്പം കളിച്ചിരുന്ന വഖാര്‍ യൂനിസിനെതിരെ പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന പ്രതികരണങ്ങള്‍ ഞാന്‍ കാണുന്നതാണ്. കോച്ചുമാരോടുള്ള ആളുകളുടെ സമീപനം ശരിയല്ല. ഫലം ജയമാണെങ്കിലും തോല്‍വിയാണെങ്കിലും കോച്ചുമാര്‍ മത്സരം കളിക്കുന്നില്ലെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല.”

“ഇതുകൊണ്ടൊക്കെയാണ് പാക് പരിശീലകന്‍ ആകാന്‍ ഞാനില്ലെന്ന് പറയുന്നത്. പദ്ധതിയിടുന്നതില്‍ മാത്രമാണ് കോച്ചിന്റെ റോള്‍. കളിക്കേണ്ടത് താരങ്ങളാണെന്ന് ആരാധകര്‍ മനസ്സിലാക്കണം. ഇതില്‍ പാക് ആരാധകര്‍ ഇന്ത്യന്‍ ആരാധകരില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം” വസീം അക്രം പറഞ്ഞു.

Read more

2003ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അക്രം ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റില്‍ പല ക്ലബ്ബുകളുടെയും പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ കൊല്‍ത്തയുടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.