എന്തുകൊണ്ട് ഒരിക്കലും പാകിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനായില്ല; കാരണം വെളിപ്പെടുത്തി അക്തര്‍, നാണംകെട്ട് പിസിബി

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച പേസ് ബോളര്‍മാരില്‍ ഒരാളാണ് പാക് മുന്‍ താരം ശുഐബ് അക്തര്‍. ഒരു കാലത്ത് ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന അക്തറിന്റെ തീപ്പന്തുകകളെ വെല്ലാന്‍ ഉതകുന്ന പേസര്‍മാര്‍ ഇന്നും ഇല്ല എന്നതാണ് ആശ്ചര്യം. ഇപ്പോഴിതാ പാകിസ്ഥാന്റെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാകാനുള്ള കഴിവ് ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ടാണ് താന്‍ പാകിസ്ഥാന്റെ ക്യാപ്റ്റനാകാന്‍ ആഗ്രഹിക്കാത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തനിക്ക് വേണ്ടത്ര ഫിറ്റ് ഇല്ലായിരുന്നു എന്നാണ് ഇതിന് കാരണമായി അക്തര്‍ പറഞ്ഞത്. ക്യാപ്റ്റന്‍സി സ്ഥാനം ഏറ്റെടുക്കാന്‍ ശാരീരികമായും മാനസികമായും ഞാന്‍ തയ്യാറല്ലായിരുന്നു. 2002-ല്‍ എനിക്ക് ക്യാപ്റ്റന്‍ സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. അന്ന് ഞാന്‍ അത് ഏറ്റെടുത്തിരുന്നെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കളി മതിയാക്കേണ്ടി വന്നേനെ എന്നും അക്തര്‍ പറഞ്ഞു.

തന്റെ പ്രതാപകാലത്തെ പല സംഭവങ്ങളെക്കുറിച്ചും മുന്‍ പേസ് ബൗളര്‍ തുറന്നുപറഞ്ഞു. ടീമംഗങ്ങളുടെ എല്ലാ പിന്തുണയും തനിക്കുണ്ടായിരുന്നുവെന്നും താനും തന്റെ ഫോമിന്റെ കൊടുമുടിയിലായിരുന്നുവെന്നും എന്നാല്‍ പിസിബി മാനേജ്മെന്റ് പ്രവര്‍ത്തിക്കാനുള്ള ശരിയായ അവസ്ഥയിലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വന്‍തോതിലുള്ള കെടുകാര്യസ്ഥതയും തെറ്റായ ആശയവിനിമയവും ഉണ്ടായിരുന്നു, കളിക്കാരെ കൈകാര്യം ചെയ്യുന്നതില്‍ ബോര്‍ഡ് ഒരിക്കലും ശരിയായ രൂപത്തിലായിരുന്നില്ലെന്നും അക്തര്‍ പറഞ്ഞു.

Read more

1997ല്‍ പാക്കിസ്ഥാനുവേണ്ടി അരങ്ങേറ്റം കുറിച്ച ഷൊയ്ബ് അക്തര്‍, തന്റെ കരിയറില്‍ 46 ടെസ്റ്റുകള്‍ക്കും 163 ഏകദിനങ്ങള്‍ക്കും 15 ടി20 മത്സരങ്ങള്‍ക്കും മാത്രമാണ് കളിച്ചത്. 2003-ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മണിക്കൂറില്‍ 161.3 കിലോമീറ്റര്‍ (മണിക്കൂറില്‍ 100.2 മൈല്‍) വേഗമേറിയ ഡെലിവറി, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഡെലിവറിയായി ഇപ്പോഴും നിലനില്‍ക്കുന്നു.