ഇന്ത്യക്കെതിരായ പരമ്പര: ഓസീസ് ടീമിന് വമ്പന്‍ ഓഫര്‍ മുന്നോട്ടുവെച്ച് മാത്യു ഹെയ്ഡന്‍

ഡല്‍ഹിയില്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ദയനീയ ഫലത്തിന് പിന്നാലെ ടീമിന് വമ്പന്‍ ഓഫര്‍ മുന്നോട്ടുവെച്ച് മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. ആവശ്യപ്പെട്ടാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാന്‍ ഓസീസ് ബാറ്റര്‍മാരെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്ന് ഹെയ്ഡന്‍ പറഞ്ഞു.

നിലവില്‍ കമന്റേറ്ററെന്ന നിലയില്‍ ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ ഭാഗമാണ് ഹെയ്ഡന്‍. 2004 ല്‍ ടെസ്റ്റ് പരമ്പര നേടിയ ടീമിന്റെ ഭാഗമായിരുന്നു താരം. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ മണ്ണിലെ അവസാന വിജയവും ഇതായിരുന്നു. ഒരു പൈസ പോലും ഈടാക്കാതെ സ്വന്തം താരങ്ങളെ സഹായിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഹെയ്ഡന്‍ പറഞ്ഞു.

ഓസീസ് താരങ്ങളെ സഹായിക്കാന്‍ നൂറു ശതമാനം ഞാന്‍ സന്നദ്ധനാണ്. പകലോ രാത്രിയോ ഏത് സമയത്തും അവര്‍ക്കെന്നെ സമീപിക്കാം. എന്നോട് എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഞാന്‍ അത് ചെയ്ത് തരാം- ഓസീസ് കളിക്കാരെ സഹായിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹെയ്ഡന്‍ പറഞ്ഞു.

ഡല്‍ഹി ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ സമഗ്ര ജയം പൂര്‍ത്തിയാക്കിയ ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന് അപരാജിത ലീഡ് നേടി. വിജയത്തോടെ തുടര്‍ച്ചയായി നാലാം തവണയും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ നിലനിര്‍ത്തി. അവശേഷിക്കുന്ന മത്സരങ്ങളെങ്കിലും ജയിച്ച് സമനില നേടി നാണക്കേട് ഒഴിവാക്കാനാവും ഓസീസ് ശ്രമിക്കുക.