ആ ഓപ്പണര്‍ മാറി കൊടുക്കും, ഒടുവില്‍ സഞ്ജു ടീം ഇന്ത്യയിലേക്ക്

ശ്രീലങ്കയക്കെതിരെ നിര്‍ണായക മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ് അവസരമൊരുങ്ങുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന് പകരമായി സഞ്ജു കളിയ്ക്കുമെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ നീണ്ട ഒമ്പത് മത്സരത്തെ സഞ്ജുവിന്റെ കാത്തിരിപ്പിനാണ് അന്ത്യമാകുക.

മൂന്ന് സീരിസുകളില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും ഒരു മത്സരം പോലും കളിപ്പിക്കാതിരുന്നാല്‍ അതിനെതിരെ വിമര്‍ശനം ശക്തമാവുമെന്ന് ഉറപ്പാണ്. ഇത് മറികടക്കാന്‍ കൂടിയാണ് സഞ്ജുവിന് അവസരം നല്‍കുന്നത്.

രണ്ടാം ട്വന്റി20യില്‍ റണ്‍സ് കണ്ടെത്തിയെങ്കിലും ധവാന്റെ സ്ട്രൈക്ക് റേറ്റ് ഇന്ത്യയ്ക്ക് തലവേദനയാണ്. ഫോമിലേക്ക് ധവാന്‍ എത്തുന്നതിന്റെ സൂചനകള്‍ രണ്ടാം ട്വന്റി20യില്‍ ലഭിച്ചില്ല. ധവാന്‍ ഫോമില്ലാതെ വലയുന്ന സാഹചര്യത്തില്‍ റിസര്‍വ് ഓപ്പണറായി ടീമില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയ സഞ്ജുവിനെ പരീക്ഷിക്കാമെന്നാണ് ടീം ഇന്ത്യ കണക്കുകൂട്ടുന്നത്.

ലങ്കന്‍ നിരയില്‍ ഇടംങ്കയ്യന്‍ ബാറ്റ്സ്മാന്മാര്‍ കുറച്ചുണ്ടെന്നതിനാല്‍ കുല്‍ദീപും, വാഷിംഗടണ്‍ സുന്ദറും സ്ഥാനം നിലനിര്‍ത്തും. അതോടെ ഇന്ന് ചാഹലിനോ, രവീന്ദ്ര ജഡേജയ്ക്കോ മാറി നില്‍ക്കേണ്ടി വരും.