സഞ്ജു നടത്തിയത് പിഴവില്ലാത്ത കീപ്പിംഗ്, തകര്‍പ്പന്‍ സ്റ്റംമ്പിംഗ്

ശ്രീലങ്കയ്‌ക്കെതിരെ ബാറ്റിംഗില്‍ തിളങ്ങാനായില്ലെങ്കിലും കീപ്പിംഗില്‍ കൈയ്യടി നേടി മലയാളി താരം സഞ്ജു സാംസണ്‍. മത്സരത്തിലുടനീളം പിഴവില്ലാത്ത കീപ്പിംഗ് പ്രകടനം കാഴ്ച്ചവെച്ച സഞ്ജു ഒരു മികച്ച സ്റ്റംമ്പിംഗും നടത്തി. ലങ്കന്‍ താരം ലക്ഷന്‍ സന്ദഗണിനെയാണ് വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ സഞ്ജു സറ്റംമ്പ് ചെയ്ത് പുറത്താക്കിയത്.

ഇതോടെ കീപ്പിംഗില്‍ സഞ്ജുവിന്റെ പ്രകടനം ടീമില്‍ എതിരാളിയായ റിഷഭ് പന്തിമായി താരതമ്യം ചെയ്യുകയാണ് ക്രിക്കറ്റ് ലോകം. നേരത്തെ ഇന്ത്യയ്ക്കായി കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞപ്പോള്‍ റിഷഭ് പന്ത് നിരവധി പിഴവുകള്‍ വരുത്തി ഏറെ വിമര്‍ശനത്തിന് ഇരയായിരുന്നു.

അതെസമയം ബാറ്റിംഗില്‍ സുവര്‍ണാവസരം മുതലെടുക്കാന്‍ സഞ്ജുവിനായില്ല. നേരിട്ട ആദ്യ പന്ത് സിക്‌സ് നേടി ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധപിടിച്ചുപറ്റിയ സഞ്ജു അടുത്ത പന്തില്‍ പുറത്തായി മലയാളി കളി പ്രേമികളെ നിരാശയുടെ പടുകുഴിയിലാഴ്ത്തി.

വാനിദു ഹസരംഗയായിരുന്നു സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍. ഓഫ് സറ്റംമ്പിന് പുറത്ത് പിച്ച് ചെയ്ത ഗൂഗ്ലിയെ മനസ്സിലാക്കാന്‍ സഞ്ജുവിനായില്ല. പന്ത് നേരെ പതിച്ചത് പാഡില്‍. റിവ്യൂവിന് മുതിരാതെ സഞ്ജു തിരിച്ച് നടയ്ക്കുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി പരമ്പര സ്വന്തമാക്കി. 78 റണ്‍സിനാണ് ഇന്ത്യ ലങ്കയെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ലങ്ക 123 റണ്‍സിന് പുറത്താകുകയായിരുന്നു.