സഞ്ജു ടീം ഇന്ത്യയിലേക്ക്, കൂടെ മറ്റൊരു യുവതാരവും

വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണെ ദേശീയ ടീമിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. മുംബൈ മിററാണ് ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു ഇടംപിടിയ്ക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സഞ്ജുവിനെ കൂടാതെ മുംബൈ ഓള്‍ റൗണ്ടര്‍ ശിവം ദൂബൈയും ഇന്ത്യന്‍ ടീമില്‍ ഇടംപിടിയ്ക്കും. മൂന്ന് ടി20 മത്സരങ്ങളാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കുക. 2015 ല്‍ സിംബാബ്വെയ്‌ക്കെതിരെ ഒരു ടി20 മത്സരത്തില്‍ ഇതിനുമുമ്പ് ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

വിജയ് ഹസാര ട്രോഫിയില്‍ സ്വന്തമാക്കിയ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയാണ് സഞ്ജുവിന് തുണയാകുന്നത്. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറടക്കമുള്ളവര്‍ പലതവണ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നുകഴിഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതാണ് ഡുബെയ്ക്ക് ടീമിലേക്കെത്താന്‍ അവസരം ആയത്. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് ഹാര്‍ദ്ദിക്ക്.

നവംബര്‍ മൂന്നിന് ഡല്‍ഹിയിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. നവംബര്‍ ഏഴാം തീയതി രാജ്‌കോട്ടില്‍ രണ്ടാം ടി20 യും, നവംബര്‍ പത്തിന് നാഗ്പൂരില്‍ മൂന്നാം ടി20 മത്സരവും നടക്കും.