സഞ്ജുവിന് പണി കിട്ടുന്നത് ആ കാര്യം കൊണ്ട്, ഈ ഏകദിന പരമ്പരയിൽ ശ്രേയസ് അതിനുള്ള ഉത്തരം നൽകി; പാഠം പഠിച്ചില്ലെങ്കിൽ ഇനി ടീമിൽ കയറില്ല; മലയാളി താരത്തിന് ഉപദേശവുമായി ഇതിഹാസം

അടുത്തിടെ സമാപിച്ച ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ ഷോർട്ട് ബോളിനെതിരായ സമീപനത്തിന് ശ്രേയസ് അയ്യരെ കെവിൻ പീറ്റേഴ്സൺ അഭിനന്ദിച്ചു. അതേ എതിരാളികൾക്കെതിരായ ടി20 ഐ പരമ്പരയിൽ സഞ്ജു സാംസൺ സ്വീകരിച്ച സമീപനത്തിന് വിരുദ്ധമാണ് ശ്രേയസ് സ്വീകരിച്ച സമീപനം എന്നും പീറ്റേഴ്‌സൺ പറഞ്ഞു.

ഇംഗ്ലണ്ടിന് എതിരായ ഏകദിനത്തിൽ ഇന്ത്യ 3-0ന് വൈറ്റ്‌വാഷ് പൂർത്തിയാക്കി. തൻ്റെ മൂന്ന് ഇന്നിംഗ്‌സുകളിലായി 60.33 ശരാശരിയിൽ 181 റൺസ് നേടിയ ശ്രേയസ്, പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായിരുന്നു. മാച്ച് പോയിൻ്റ് എന്ന സ്റ്റാർ സ്‌പോർട്‌സ് ഷോയിലെ ചർച്ചയ്ക്കിടെ, പീറ്റേഴ്‌സൺ പറഞ്ഞത് ഇങ്ങനെ:

“നിങ്ങളുടെ മനസ്സ് ഒരാഴ്‌ച പിന്നിലേക്ക് കൊണ്ടുപോകുക. ശ്രേയസ് ആദ്യ മത്സരം കളിക്കേണ്ട ആൾ ആയിരുന്നില്ല. എന്നാൽ അവസരം കിട്ടിയപ്പോൾ അവൻ നന്നായി കളിച്ചു. പ്രത്യേകിച്ച് ഷോർട് ബോളുകൾക്ക് എതിരെയൊക്കെ അവൻ നന്നായി കളിച്ചു.”

” ഷോർട് ബോളുകൾക്ക് എതിരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഒരു താരം എന്തായാലും തന്റെ ബുദ്ധിമുട്ട് അവസരമാക്കി എടുത്തു. നല്ല ഷോട്ടുകൾ കളിച്ചു. സഞ്ജു ടി 20 യിൽ ബുദ്ധിമുട്ടിയ ബോളുകളിൽ ശ്രേയസ് തിളങ്ങി.”

സഞ്ജുവിന് പറ്റിയ തെറ്റുകളെക്കുറിച്ച് മുൻ താരം പറഞ്ഞത് ഇങ്ങനെ:

“സഞ്ജു സാംസൺ തന്റെ തെറ്റുകളിൽ നിന്ന് പഠിക്കാൻ തയാറായില്ല. അതുകൊണ്ടാണ് ഒരേ രീതിയിൽ പുറത്തായത്. ബോളർമാർ അവനെതിരെ പ്രയോഗിച്ച തന്ത്രം മനസിലാക്കാൻ അവനായില്ല. എന്നാൽ ശ്രേയസിന് അത് സാധിച്ചു.” മുൻ താരം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 10.20 എന്ന ശരാശരിയിൽ 51 റൺസാണ് സഞ്ജു സാംസൺ ആകെ നേടിയത്. അഞ്ച് തവണയും പുൾ ഷോട്ടുകൾ കളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുറത്തായത്.