അകകണ്ണിന്റെ കിരീടത്തിന് ദൈവത്തിന്റെ തകര്‍പ്പന്‍ 'സമ്മാനം'

കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പ് കിരീടം തുടര്‍ച്ചയായി രണ്ടാം തവണയും സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലാം നേടിയെടുക്കാം. നമ്മുടെ മുഴുവന്‍ ടീമിനും ഒരു ബിഗ് സല്യൂട്ട് നല്‍കുന്നു. ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു. ട്വിറ്ററിലൂടെയായിരുന്നു സച്ചിന്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

ഷാര്‍ജ അന്തരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശനിയായഴ്ച നടന്ന ഫൈനലില്‍ ബന്ധവൈരികളായ പാകിസ്താനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് നേടിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും ടീമിനെ അഭിനന്ദിച്ചിരുന്നു.

ഫൈനലില്‍ പാകിസ്ഥാനെ രണ്ടു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 309 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. 2014 ല്‍ നടന്ന കാഴ്ചപരിമിതര്‍ക്കുള്ള ലോകകപ്പ് കിരീടം ഇന്ത്യ നേടിയത് പാകിസ്ഥാനെ തകര്‍ത്തായിരുന്നു. ഇത്തവണയും ഇത് ആവര്‍ത്തിച്ചു.

ആവേശകരമായ മത്സരത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കേയായിരുന്നു ഇന്ത്യയുടെ വിജയം. സുനില്‍ രമേശ് (93), ക്യാപ്റ്റന്‍ അജയ് റെഡ്ഡി (63) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയ്ക്ക് തുണയായത്.

Read more

സെമിഫൈനലില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ പാകിസ്താനുമായുള്ള മത്സരത്തിന് കളമൊരുക്കിയത്. സെമിയില്‍ ലങ്കയ്‌ക്കെതിരെ 156 റണ്‍സിനായിരുന്നു പാകിസ്താന്റെ വിജയം. നേരത്തെ ഗ്രൂപ്പ മത്സരത്തില്‍ ഇന്ത്യ, പാകിസ്താനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.