ഐപിഎല്‍ 2025 സീസണില്‍ നിരാശാജനകമായ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുണ്ടായത്. കഴിഞ്ഞ സീസണുകളില്‍ മികച്ച ടീമുകളില്‍ ഒന്നായിരുന്ന ആര്‍ആര്‍ ഇത്തവണ തുടര്‍തോല്‍വികളില്‍ അകപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പുറത്തായി. ലേലത്തില്‍ നിലനിര്‍ത്തിയ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാതെ പോയതാണ് ഈ വര്‍ഷം റോയല്‍സിന് തിരിച്ചടിയായത്. പരിക്കേറ്റ സഞ്ജു സാംസണിന് പകരം നായകസ്ഥാനം ഏറ്റെടുത്ത റിയാന്‍ പരാഗിന് ടീമിനെ പ്ലോഓഫില്‍ എത്തിക്കാന്‍ സാധിച്ചില്ല. അവരുടെ പ്രധാന ബോളറായ സന്ദീപ് ശര്‍മ്മയ്ക്ക് അടുത്തിടെ പരിക്കേറ്റിരുന്നു. കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന് ഇനി ഈ സീസണില്‍ കളിക്കാനാവില്ല.
കഴിഞ്ഞ ലേലത്തില്‍ നാല് കോടി രൂപയ്ക്കായിരുന്നു സന്ദീപ് ശര്‍മ്മയെ ആര്‍ആര്‍ മാനേജ്‌മെന്റ് നിലനിര്‍ത്തിയത്. 10 മത്സരങ്ങളാണ് താരം ഈ സീസണില്‍ കളിച്ചത്. അതേസമയം സന്ദീപ് ശര്‍മ്മയ്ക്ക് പകരം പുതിയ താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് രാജസ്ഥാന്‍. ദക്ഷിണാഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറാണ് സന്ദീപ് ശര്‍മ്മയുടെ പകരക്കാരന്‍. ഐപിഎലിന്റെ കഴിഞ്ഞ സീസണില്‍ ബര്‍ഗര്‍ ആര്‍ആറിനായി കളിച്ചിരുന്നു.
ആറ് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. കഴിഞ്ഞ ലേലത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ ആരും ടീമിലെടുത്തിരുന്നില്ല. 1.25 കോടി രൂപയായിരുന്നു അടിസ്ഥാന വില. അതേസമയം 3.5 കോടി രൂപയ്ക്കാണ് ബര്‍ഗറിനെ ഇത്തവണ ആര്‍ആര്‍ ടീമില്‍ എടുത്തതെന്നാണ് വിവരം. 69 ടി20 മത്സരങ്ങളില്‍ നിന്നായി ബര്‍ഗര്‍ 77 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്.