കാണികള്‍  എഴുന്നേറ്റു നിന്നു കൈയടിച്ചു; ബംഗ്‌ളാദേശിന്റെ ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ച് ന്യൂസിലൻഡ് താരം

വിരമിക്കുന്ന ന്യൂസിലൻഡ് താരം റോസ് ടെയ്‌ലര്‍ക്ക് ബംഗ്‌ളാദേശിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍. ബംഗ്‌ളാദേശിനെതിരേയുള്ള രണ്ടാമത്തെ മത്സരത്തോടെ വിടവാങ്ങുന്ന റോസ് ടെയ്‌ലര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 28 റണ്‍സിന് പുറത്തായി. വന്‍ കരഘോഷത്തോടെ സ്വന്തം കാണികള്‍ മൈതാനത്തേക്ക് അയച്ച ടെയ്‌ലര്‍ പുറത്തായി തിരിച്ചു നടക്കുമ്പോള്‍ കാണികളെല്ലാം എഴുന്നേറ്റ് നിന്നു കൈയടിച്ചു. ആദ്യ മത്സരം തോറ്റ ന്യൂസിലൻഡ് രണ്ടാമത്തെ മത്സരത്തില്‍ ബംഗ്‌ളാദേശിനെതിരേ ഉജ്ജ്വല വിജയം നല്‍കി സഹതാരത്തെ യാത്രയാക്കാനുള്ള ഒരുക്കത്തിലാണ്.

ഡെവണ്‍ കോണ്‍വെ 109 റണ്‍സിന് പുറത്തായതിന് പിന്നാലെ നാലാമനായാണ് ടെയ്‌ലര്‍ ബാറ്റ് ചെയ്യാനെത്തിയത്. എബോദത്ത് ഹുസൈന്റെ പന്തിലായിരുന്നു മടക്കം. റോസ് ടെയ്ലര്‍ 110 ടെസ്റ്റിലും 233 ഏകദിനങ്ങളിലും 102 ട്വന്റി 20യിലും കളിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോറര്‍ ആണ് റോസ് ടെയ്ലര്‍. 2006 ലായിരുന്നു കിവീസ് കുപ്പായത്തില്‍ റോസ് ടെയ്ലറുടെ അരങ്ങേറ്റം. ടെസ്റ്റില്‍ 19 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും സഹിതം 7585 റണ്‍സ് പേരിലുണ്ട്. 290 ആണ് ഉയര്‍ന്ന സ്‌കോര്‍.

Read more

ഏകദിനത്തില്‍ 21 ശതകങ്ങള്‍ ഉള്‍പ്പെടെ 8576 റണ്‍സും രാജ്യാന്തര ടി20യില്‍ ഏഴ് അര്‍ദ്ധ സെഞ്ചുറികളോടെ 1909 റണ്‍സും പേരിലുണ്ട്. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 1017 റണ്‍സും നേടി. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ താരം ടെയ്ലറാണ്. അതേസമയം ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് മികച്ച നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ ആറിന് 521 എന്ന പടുകൂറ്റന്‍ സ്‌കോറാണ് ന്യൂസിലന്‍ഡ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് തവിടുപൊടിയായി. 126 റണ്‍സിന് എല്ലാവരും പുറത്തായിരിക്കുകയാണ്.