ഗ്യാലറിയില്‍ വിങ്ങിപ്പൊട്ടി രോഹിത്തിന്റെ ഭാര്യ; ആരും നല്‍കാത്ത വിവാഹവാര്‍ഷിക സമ്മാനവുമായി രോഹിത്ത്

വിവാഹ വാര്‍ഷികദിനത്തില്‍ ഇങ്ങനൊരു സമ്മാനം ആരും ഭാര്യയ്ക്ക് നല്‍കിയിട്ടുണ്ടാവില്ല. ഇന്ത്യയുടെ താതകാലിക നായകന്‍ രോഹിത്ത് ശര്‍മയുടെ രണ്ടാം വിവാഹ വാര്‍ഷികമായിരുന്നു ഇന്ന്.

തന്റെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറി തികച്ച് ചരിത്രം രചിച്ചാണ് രോഹിത്ത് ലോകത്തിലെ ഒരു ഭര്‍ത്താക്കന്മാര്‍ക്കും സ്വപ്‌നം കാണാനാകാത്ത സമ്മാനം ഭാര്യയ്ക്ക് നല്‍കിയത്. മെഹീലിയിലെ ഗ്യാലറിയിലിരുന്നു ആനന്ദ കണ്ണീര്‍ പൊഴിച്ചായിരുന്നു രോഹിത്തിന്റെ ഭാര്യ റിതിക ഈ വിവാഹ സമ്മാനം ഏറ്റുവാങ്ങിയത്.

ഇരുവരും വിവാഹിതരായിട്ട് രണ്ട് വര്‍ഷമാവുന്ന ദിവസമായിരുന്നു ഇന്ന്. ഡബിള്‍ സെഞ്ച്വറി നേടിയതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടയില്‍ രോഹിത്ത് തന്റെ മോതിരവിരലില്‍ ചുംബിച്ചുകൊണ്ടാണ് റിതികയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.

മൂന്നാം ഡബിള്‍ സെഞ്ച്വറി നേട്ടത്തോടെ ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത ഇതിഹാസമെന്ന് പേര് രേഖപ്പെടുത്തുകയായിരുന്നു ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. നായകനായിരിക്കെ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ താരമെന്ന നേട്ടവും രോഹിത് അടിച്ചെടുത്തു. കരിയറിലെ മൂന്ന് ഇരട്ട സെഞ്ചുറികളില്‍ രണ്ടെണ്ണം ശ്രീലങ്കക്കെതിരായിരുന്നു. സെവാഗിന് ശേഷം ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ നായകനുമായി രോഹിത്.

153 പന്തില്‍ 13 ഫോറും 12 സിക്‌സും സഹിതമാണ് രോഹിത്തിന്റെ താണ്ഡവം. ആദ്യ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അത്യുഗ്രന്‍ തിരിച്ചുവരവിനാണ് മൊഹാലി സാക്ഷിയായത്. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ശ്രീലങ്കയ്‌ക്കെതിരേ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പടുത്തുയര്‍ത്തിയത്