ബാസ്‌ബോളിനെ മെരുക്കി രോഹിത് പാപ്പാന്‍; എലി പോലെ മടങ്ങി ഇംഗ്ലണ്ട്, ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ്  ജയം

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 64 റണ്‍സിനും ജയിച്ചുകയറി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്റെ പ്രകടനമാണ്  ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനായി ജോ റൂട്ട് അര്‍ദ്ധ സെഞ്ച്വറി നേടി. റൂട്ട് 128 ബോളില്‍ 84 റണ്‍സെടുത്തു. ജോണി ബെയര്‍സ്‌റ്റോ 39 റണ്‍സും ടോം ഹാര്‍ട്‌ലി 20 റണ്‍സും ഒലി പോപ് 19 റണ്‍സുമെടുത്തു. ഇന്ത്യയ്ക്കായി അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വീതവും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 218 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 477 റണ്‍സ് എടുത്ത് 259 റണ്‍സിന്റെ ലീഡ് എടുത്തിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് 195 ല്‍ അവസാനിച്ചു.

രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ മത്സരത്തിന്റെ മൂന്നാം ദിവസം നാലു റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്കു ശേഷിക്കുന്ന രണ്ടു വിക്കറ്റുകള്‍ കൂടി നഷ്ടമായി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി. രോഹിത് ശര്‍മ (162 പന്തില്‍ 103), ശുഭ്മന്‍ ഗില്‍ (150 പന്തില്‍ 110), സര്‍ഫറാസ് ഖാന്‍ (60 പന്തില്‍ 56), ദേവ്ദത്ത് പടിക്കല്‍ (103 പന്തില്‍ 65), രവീന്ദ്ര ജഡേജ (50 പന്തില്‍ 15), ധ്രുവ് ജുറെല്‍ (24 പന്തില്‍ 15), ആര്‍. അശ്വിന്‍ (പൂജ്യം) എന്നിവരാണ് വെള്ളിയാഴ്ച പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍. 154 പന്തുകളില്‍ നിന്നാണ് രോഹിത് ടെസ്റ്റ് കരിയറിലെ 12ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.