IPL 2025: എന്റെ ചിന്തകളെല്ലാം ഇപ്പോള്‍ അതിനെ കുറിച്ചാണ്, എന്തുവന്നാലും ഞാന്‍ ഇങ്ങനെ തന്നെ മുന്നോട്ടുപോവും, വിരമിക്കല്‍ വാര്‍ത്തകളില്‍ പ്രതികരണവുമായി രോഹിത് ശര്‍മ്മ

ഐപിഎല്‍ 2025ന്റെ തുടക്കത്തില്‍ ഫോംഔട്ടിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് രോഹിത് ശര്‍മ്മ. സീസണ്‍ തുടങ്ങിയതുമുതല്‍ ചെറിയ സ്‌കോറുകളില്‍ ഹിറ്റ്മാന്‍ പുറത്താവാറുളളത് പതിവായിരുന്നു. എന്നാല്‍ പോയിന്റ് ടേബിളില്‍ മുംബൈ അവസാന സ്ഥാനക്കാരായ സമയത്താണ് രോഹിത് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. രോഹിതിന്റെ ഇംപാക്ടുളള പ്രകടനങ്ങളുടെ ബലത്തില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടാന്‍ മുംബൈ ഇന്ത്യന്‍സിനായി. ഈ സീസണില്‍ നിലവില്‍ പ്ലേഓഫ് പ്രവേശനം ഉറപ്പിച്ച ടീമുകളിലൊന്നാണ് മുംബൈ. ഐപിഎലിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് രോഹിത് വിരമിക്കുമെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ അടുത്തിടയായിരുന്നു പുറത്തുവന്നത്.

ഐപിഎല്‍ കഴിഞ്ഞ് ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്കായാണ് ഇന്ത്യന്‍ ടീം പോവുക. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ബാറ്റിങ്ങില്‍ പരാജയമായിരുന്നു രോഹിത്. അതിനാല്‍ ഇംഗ്ലണ്ടിനെതിരെ താരം കളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്.  ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് ഞാന്‍ അധികം ചിന്തിച്ചിട്ടില്ലെന്നാണ് ഇതില്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണം വന്നത്.

“ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ച് ഞാന്‍ ഇതുവരെ അധികം ചിന്തിച്ചിട്ടില്ല. ഐപിഎല്‍ ഇപ്പോള്‍ നടക്കുന്നു. ഞങ്ങള്‍ക്ക് ഐപിഎല്‍ ജയിക്കണം. എന്റെ ചിന്തകളെല്ലാം ഇതിനെക്കുറിച്ചാണ്. ഇപ്പോള്‍ എന്ത് സംഭവിക്കുന്നു എന്നതനുസരിച്ച് മുന്നോട്ടുപോവണമെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു”, രോഹിത് പറയുന്നു.

“ഒരു കായിക വിനോദം കളിക്കുന്നിടത്തോളം കാലം, നിങ്ങളുടെ പ്രകടനത്തില്‍ നിങ്ങള്‍ ഒരിക്കലും സന്തുഷ്ടനാകില്ല! ഞാന്‍ എന്തുകൊണ്ട് ഇത് ചെയ്തില്ല എന്ന് ചിന്തിക്കുന്നതിനേക്കാള്‍, ദൈവം എനിക്ക് തന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇതെല്ലാം വിധിയില്‍ എഴുതിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഈ തുക ലഭിക്കും. ഞാന്‍ എന്ത് ചെയ്താലും, എനിക്ക് ഇത് മാത്രമേ ലഭിക്കൂ. ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ അമിതമായി സ്വയം വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല; ഞാന്‍ ചെയ്തതില്‍ ഞാന്‍ സന്തുഷ്ടനാണ്”, ഹിറ്റ്മാന്‍ പറഞ്ഞു.

Read more