മഹാനായ രോഹിത്, സച്ചിനെ വലിയ നാണക്കേടില്‍നിന്നും രക്ഷിച്ചു; ആരാധകരിത് അറിയാതെ പോകരുത്...

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലേറ്റ വന്‍ തോല്‍വിയോടെ വലിയൊരു നാണക്കേടിനു അവകാശിയായിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ടെസ്റ്റുകളില്‍ തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യന്‍ നായകനെന്ന പട്ടമാണ് രോഹിത്തിന് ചാര്‍ത്തിക്കിട്ടിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് ഇവിടെ രോഹിത് മറികടന്നത്.

സച്ചിനു കീഴില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യന്‍ ടീം പരാജയമേറ്റു വാങ്ങിയത്. 1999ലായിരുന്നു ഇത്. ഒരിക്കലും തിരുത്തപ്പെടില്ലെന്നു കരുതപ്പെട്ട ഈ റെക്കോര്‍ഡാണ് രോഹിത് ഈ വര്‍ഷം പഴങ്കഥയാക്കിയത്. ആറു ടെസ്റ്റുകളിലാണ് ഈ വര്‍ഷം രോഹിത്തിനു കീഴില്‍ ഇന്ത്യന്‍ ടീം തോറ്റത്.

ഇതിനിടെ സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് റെഡ് ബോള്‍ ഫോര്‍മാറ്റില്‍നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25 ലെ സിഡ്‌നിയിലെ അവസാന ഏറ്റുമുട്ടല്‍ റെഡ്-ബോള്‍ ഫോര്‍മാറ്റിലെ രോഹിത്തിന്റെ അവസാന മത്സരമായിരിക്കും.

തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ 184 റണ്‍സിന്റെ നാണംകെട്ട തോല്‍വിക്ക് ശേഷമാണ് രോഹിത് സ്ഥാനമൊഴിയാന്‍ സാധ്യതയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.