എന്തുകൊണ്ട് ധവാന്‍ കളിച്ചില്ല?; ആ രഹസ്യം പുറത്ത്

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ അപ്രതീക്ഷികമായിട്ടായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിക്കളത്തില്‍ നിന്നും പിന്‍വാങ്ങിയത്. നേരത്തെ ന്യൂസിലന്‍ഡിനെതിരെയും ശ്രീലങ്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന മത്സരത്തിലും ധവാന്‍ പാതി വഴിയില്‍ പരമ്പര ഉപേക്ഷിച്ചിരുന്നു.

ഇതോടെ ധവാനെ ചുറ്റിപറ്റി ക്രിക്കറ്റ് ലോകത്ത് പല അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

ഡല്‍ഹിയില്‍ സഹോദരിയുടെ വിവാഹത്തെ തുടര്‍ന്നാണ് ധവാന്‍ രണ്ടാം ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ദില്ലിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ പള്ളിയിലായിരുന്നു വിവാഹം. വ്യക്തിപരമായ കാരണങ്ങളാലാണ് ശിഖര്‍ ധവാന്‍ വിട്ടുനില്‍ക്കുന്നതെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഭാര്യക്ക് സുഖമില്ലാത്തതിനാലാണ് ധവാന്‍ വിട്ടുനില്‍ക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പമാണ് ധവാന്‍ വിവാഹത്തിനെത്തിയത്.

ധവാന് പകരം മുരളി വിജയ് ആണ് ലോകേഷ് രാഹുലിനൊപ്പം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. വിവാഹം നടക്കുന്നതിനാല്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്.