RCB UPDATES: ഈ ചെറുക്കൻ ഭയങ്കര ശല്യമാണ് മക്കളെ, ഇയാളോട് ഏത് സമയവും....; തുറന്നടിച്ച് വിരാട് കോഹ്‌ലി

ഐപിഎൽ 2025 ലെ ലീഗ് ഘട്ടം പൂർത്തിയായി. 2016 ന് ശേഷം ആർസിബി ആദ്യമായി ക്വാളിഫയർ 1 ൽ ഇടം നേടി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എൽഎസ്ജിക്കെതിരെ നടന്ന മത്സരത്തിൽ ജയിച്ചു കയറിയതോടെയാണ് ആർസിബി രണ്ടാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് മാർച്ച് ചെയ്തത്. ഇന്ന് നടക്കുന്ന ക്വാളിഫയർ 1 പോരിൽ അവർ പഞ്ചാബ് കിങ്സിനെ നേരിടും.

ആ മത്സരത്തിൽ വിരാട് കോഹ്‌ലി സീസണിലുടനീളം കാഴ്ചവെച്ച മികവ് തുടർന്നു. താരം നേടിയ അർദ്ധ സെഞ്ച്വറി തന്നെ ആയിരുന്നു ടീമിന്റെ വിജയത്തിന് അടിത്തറ നൽകിയത്. ഇതുവരെ 600 റൺസിന് മുകളിൽ നേടിയ താരം ഇത്തവണയും ഓറഞ്ച് ക്യാപ് പോരിൽ മത്സരിക്കുന്നു. അതേസമയം യുവതാരം സ്വസ്തിക് ചിക്കാരയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദവും യുവതാരവും ഒത്തുള്ള തമാശകളും കാര്യങ്ങളുമൊക്കെ വലിയ രീതിയിൽ ചർച്ചായായ ഒന്നാണ്. ഇതുവരെ സ്വാസ്തിക് ഒരു മത്സരവും കളിച്ചിട്ടില്ല എങ്കിലും വിരാട് കോഹ്‌ലിയും ഒത്തുള്ള അദ്ദേഹത്തിന്റെ വിഡിയോകൾ തരംഗം ആകാറുണ്ട്.

ഇപ്പോൾ, വിരാട് കോഹ്‌ലിയും സ്വസ്തിക് ചിക്കാരയും തമ്മിലുള്ള മറ്റൊരു വൈറൽ സംഭാഷണം ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വീഡിയോയിൽ, സ്വസ്തിക് ചിക്കാര വിരാട് കോഹ്‌ലിയോടൊപ്പം സെൽഫി എടുക്കുന്നുത് കാണാം. അതിനുശേഷം, സ്വസ്തിക് തന്നെ എപ്പോഴും ശല്യപ്പെടുത്തുന്നുവെന്ന് വിരാട് കോഹ്‌ലി ക്യാമറയിൽ നോക്കി പറയുന്നതും കേൾക്കാം . മറുപടിയായി സ്വസ്തിക് ചിക്കാര പറയുന്നത് കോഹ്‌ലി തന്റെ മൂത്ത സഹോദരനാണെന്നും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തോടൊപ്പം ചിത്രങ്ങൾ എടുക്കാമെന്നുമാണ്.

എന്തായാലും ഇതുവരെ അവസരങ്ങൾ ഒന്നും കിട്ടി ഇല്ലെങ്കിലും കഴിവ് തെളിയിക്കാൻ അടുത്ത സീസണിൽ സ്വസ്തികിന് ചാൻസ് കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്.